തിരുവല്ല: കുട്ടനാട് ജലവിതരണ പദ്ധതിയുടെ റോ വാട്ടർ പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനാൽ രണ്ടാഴ്ചയോളം കുടിവെള്ള വിതരണം ഭാഗി​കമായി മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. തകരാറിലായ മോട്ടോറിന്റെ ഭാഗങ്ങൾ എത്തിക്കേണ്ടതിനാൽ പണി​കൾ പൂർത്തി​യാക്കാൻ രണ്ടാഴ്ച്ചയോളം കാലതാമസം ഉണ്ടാകും. കുട്ടനാട് ജലവിതരണ പദ്ധതിയിൽ നിന്ന് പമ്പിംഗ് നടത്തുന്ന തിരുവല്ല നഗരസഭയിലെ കാവുംഭാഗം, മതിൽഭാഗം, കിഴക്കുംമുറി, അഴിയിടത്തുചിറ പ്രദേശങ്ങൾ, കവിയൂർ, കുന്നന്താനം, നെടുമ്പ്രം പഞ്ചായത്തുകൾ, ചങ്ങനാശ്ശേരി താലൂക്കിലെ പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, കുട്ടനാട് താലൂക്കിലെ വെളിയനാട്, എടത്വാ, തലവടി, രാമങ്കരി ചമ്പക്കുളം എന്നി പ്രദേശങ്ങളിലേക്കുള്ള ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജി​നീയർ അറിയിച്ചു.