ezhachert

ഏഴാച്ചേരി: എരുമേലി പേട്ടകെട്ടിനും മലയാത്രയ്ക്കും മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്നലെ രാവിലെ കാണിക്കിഴി സമർപ്പിക്കാനെത്തി. ശബരിമല യാത്രയ്ക്ക് പോകുന്ന ആലങ്ങാട്ട് സംഘം വഴിമദ്ധ്യേ കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണിത്.

യോഗപ്രതിനിധി പുറയാറ്റികളരി രാജേഷ് കുറുപ്പ്, വെളിച്ചപ്പാട് ദേവദാസ്, പൂജാരി രമേശൻ, സന്തോഷ് നിലയിടത്ത്, ഹരീഷ് കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ ആലങ്ങാട്ട് സംഘമാണ് ഉമാമഹേശ്വരൻമാർക്ക് കാണിക്കിഴി സമർപ്പിക്കാൻ എത്തിയത്. ആലങ്ങാട്ട് സംഘത്തെ കാവിൻപുറം ദേവസ്വം ഭാരവാഹികളായ റ്റി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, ഭാസ്‌കരൻ നായർ, സുരേഷ് ലക്ഷ്മി നിവാസ്, ജയചന്ദ്രൻ വരകപ്പള്ളിൽ, പ്രസന്നൻ കാട്ടുകുന്നത്ത്, ഗോപകുമാർ അമ്പാട്ടുവടക്കേതിൽ, ആർ. സുനിൽകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

ആലങ്ങാട്ടുസംഘം ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരുപിടി നാണയവും അക്ഷതവും ചേർത്തുകെട്ടിയ കാണിക്കിഴി ഉമാമഹേശ്വരൻമാർക്ക് സമർപ്പിച്ചു. ഉപദേവതകളെ വലംവച്ച് തൊഴുതതിന് ശേഷമാണ് സോപാനത്തിലെത്തി യോഗപ്രതിനിധി രാജേഷ് കുറുപ്പും സംഘവും കാണിക്കിഴി സമർപ്പിച്ചത്. ആലങ്ങാട്ട് സംഘത്തിന് മേൽശാന്തി ഇടമന ഇല്ലം രാജേഷ് വാസുദേവൻ നമ്പൂതിരി പ്രസാദം വിതരണം ചെയ്തു. തുടർന്ന് സമൂഹ നീരാജനം നടന്നു.

അയ്യപ്പന്റെ ചൈതന്യം വഹിച്ചുവന്ന ഗോളകയിൽ ഭക്തർക്ക് നേരിട്ട് നീരാജനം നടത്തുകയായിരുന്നു. കാവിൻപുറം ക്ഷേത്രത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മുഴുവൻ ഭക്തരും അയ്യപ്പന് നേരിട്ട് നീരാജനം ഉഴിഞ്ഞു. പറയെടുപ്പും ഉണ്ടായിരുന്നു. ആലങ്ങാട്ട് സംഘത്തിന്റെ യാത്രയിൽ മറ്റൊരിടത്തും ഭക്തർക്ക് നേരിട്ട് അയ്യപ്പവിഗ്രഹത്തിൽ നീരാജനം നടത്താനുള്ള അവസരമില്ല. പ്രാതലിനു ശേഷം സംഘം മലയാത്ര തുടർന്നു. പയപ്പാർ, പോണാട്, നെച്ചിപ്പുഴൂർ ചിറക്കരക്കാവ്, ളാലം മഹാദേവക്ഷേത്രം, മുരിക്കുംപുഴ ക്ഷേത്രം എന്നിവിടങ്ങളിലും ആലങ്ങാട്ട് സംഘം ദർശനം നടത്തി.