
കോട്ടയം:യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധപ്രകടനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയത്. ഗാന്ധിസ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം ബേക്കർ ജംഗ്ഷൻ വഴി നഗരം ചുറ്റി തിരുനക്കരയിൽ സമാപിച്ചു. പ്രവർത്തകരുടെ നേതൃത്വത്തിൽ പതിനഞ്ച് മിനിറ്റോളം റോഡ് ഉപരോധിച്ചു. വെസ്റ്റ് പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.
പ്രതിഷേധയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ചിന്തു കുര്യൻ, ജോബിൻ ജേക്കബ് , സിബി കൊല്ലാട്, രാഹുൽ മറിയപ്പള്ളി, പി.കെ വൈശാഖ്, ബിനീഷ് ബെന്നി, അബു താഹിർ, ജിതിൻ, അനു മെർളി തുടങ്ങിയവർ പങ്കെടുത്തു.