
പാലാ: കഴിഞ്ഞദിവസം അന്തരിച്ച ഡോ.ജോസഫ് ചാണ്ടി ഇംഗ്ലണ്ടിൽ പേരെടുത്ത തനി പാലാക്കാരനായിരുന്നു. യു.കെയിലെ ആദ്യകാല പ്രവാസി ഡോക്ടർമാരിൽ ഒരാൾ. പാലായിലെ പ്രശസ്തമായ കയ്യാലക്കകം കുടുംബാംഗം. യു.കെയിലെ വംശീയ ന്യൂനപക്ഷ ഡോക്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.
1941ൽ കയ്യാലക്കകത്ത് കെ.എം.ജോസഫിന്റെയും (കുഞ്ഞ്) ത്രേസ്യാമ്മയുടെയും 12 മക്കളിൽ നാലാമത്തെ മകനായി ജനനം. പാലായിലെ സെന്റ് തോമസ് എച്ച്.എസിൽ സ്‌കൂൾ വിദ്യാഭ്യാസം. പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദം. 1965ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിനിൽ ബിരുദമെടുത്തു. മെഡിക്കൽ കോളേജിലെ അത്‌ലറ്റിക് ചാമ്പ്യനായിരുന്നു.
പിന്നീട് യു.കെയിലേക്ക് പോയ അദ്ദേഹം വിവിധ ആശുപത്രികളിൽ ജോലി ചെയ്തു. 1968ൽ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചൈൽഡ് ഹെൽത്തിൽ ഡിപ്ലോമ നേടി. 1969 മുതൽ യു.കെയിലെ ഡർഹാമിലെ പീറ്റർലീയിൽ ജിപി (ജനറൽ പ്രാക്ടീഷണർ) പ്രിൻസിപ്പലായി പ്രാക്ടീസ് ചെയ്തു. പ്രാദേശിക ജിപിമാരെ പ്രതിനിധീകരിച്ച് പ്രൈമറി കെയർ ഗ്രൂപ്പ് ബോർഡ് അംഗമായും പ്രവർത്തിച്ചു.
ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്ന് ഒരു വലിയ പ്രാഥമികാരോഗ്യ കേന്ദ്രം വാങ്ങി അത് നവീകരിച്ചു. റോയൽ ടൗൺ പ്ലാനിംഗ് ഇൻസ്റ്റിറ്ര്യൂട്ടിന്റെ ഡിസൈൻ അവാർഡ് നേടിയ ആധുനിക നഴ്‌സിംഗ് ഹോം കോംപ്ലക്‌സും സ്ഥാപിച്ചു. വൈറ്റമിൻ ബി 12ന്റെ ഗുണഫലങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ വൈദ്യശാസ്ത്ര പരിജ്ഞാനത്തിനുള്ള പ്രധാന സംഭാവനയായി അംഗീകരിക്കപ്പെട്ടു.
ബ്രിട്ടീഷ് ഇന്റർനാഷണൽ ഡോക്ടേഴ്‌സ് അസോസിയേഷൻ ഐക്കൺ ഡോക്ടർമാരിൽ ഒരാളായി അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മുൻപ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. മദർ തെരേസയുമായി പലതവണ സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായി.