
100 കോടിക്ക് ഭരണാനുമതിയായി
കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കുട്ടനാട്, അപ്പർകുട്ടനാട് കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായുള്ള രണ്ടാം കുട്ടനാട് പാക്കേജിന് 100 കോടിയുടെ ഭരണാനുമതി ലഭിച്ചതോടെ വലിയ പ്രതീക്ഷയിലാണ് അപ്പർ കുട്ടനാട് ഉൾപ്പെടുന്ന കോട്ടയത്തെ കർഷകർ.
ആറുകളുടെയും തോടുകളുടെയും നീരൊഴുക്ക് സുഗമമാക്കി കൃഷിയ്ക്ക് സഹായകമാക്കുന്നതാണ് പദ്ധതി. ഇതുവഴി കൂടുതൽ നെല്ല് ഉത്പാദനവും ലക്ഷ്യമിടുന്നു. 76 പദ്ധതികളുടെ പ്രാരംഭ ടെൻഡർ നടപടികൾ ആരംഭിച്ചു. മാർച്ചിൽ നിർമ്മാണ ജോലികൾ ആരംഭിച്ചേക്കും. മൂന്ന് എക്സിക്യൂട്ടീവ് എൻജിനീയർമാരുടെ നേതൃത്വത്തിലാണ് പദ്ധതി. കോട്ടയം ഉൾപ്പെടുന്ന 48 പദ്ധതികളുടെ നടത്തിപ്പ് ചുമതല തണ്ണീർമുക്കം എക്സിക്യൂട്ടീവ് എൻജീനിയർ ഓഫീസിനാണ്.
2020 സെപ്തംബർ 17ന് പ്രഖ്യാപിച്ച 2447.66 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജിന് ഭരണാനുമതി ലഭിച്ചത് പദ്ധതിക്ക് രൂപം നൽകിയ എം.എസ്. സ്വാമിമിനാഥന്റെ മരണ ശേഷമാണ്.
കുട്ടനാടിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു കൃഷിശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജ്. ആദ്യ പാക്കേജിൽ പരിസ്ഥിതി പുനഃസ്ഥാപനത്തിനുതകുന്ന പ്രവൃത്തികളൊന്നും നടപ്പായില്ല. 2014ൽ ആദ്യ പാക്കേജിന്റെ കാലാവധി അവസാനിച്ചതോടെയാണ്, നിരന്തര പ്രളയാനുഭവങ്ങൾ കൂടി കണക്കിലെടുത്ത് ഇനി മറ്റൊരു പ്രളയം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ 2020 സെപ്തംബറിൽ രണ്ടാം കുട്ടനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ജലസേചനം, കൃഷി, വ്യവസായം, വൈദ്യുതി, ടൂറിസം, ഫിഷറീസ്, മൃഗസംരക്ഷണം, വാട്ടർ അതോറിട്ടി വകുപ്പുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.
തയ്യാറാക്കിയിട്ടുള്ള പദ്ധതികൾ
പാടശേഖരങ്ങളുടെ നവീകരണം, പുറം ബണ്ടുകൾ ബലപ്പെടുത്തലുകൾ, മോട്ടോർതറ പുനർനിർമ്മാണം, പുതിയ മോട്ടോർ സ്ഥാപിക്കൽ, വെള്ളം ഒഴുക്കുന്നതിനായി കലുങ്കുകളുടെ നിർമ്മാണം, ബൈപാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കൽ, എക്കൽ, ചെളി എന്നിവ നീക്കി നീരോഴുക്ക് ശക്തിപെടുത്തൽ, ലീഡിംഗ് ചാനലുകളുടെ ആഴം വർദ്ധിപ്പിക്കൽ.
കാർഷികമേഖലയുടെ സംരക്ഷണത്തിനായി സർക്കാർ വിദഗ്ദ്ധ സംഘത്തെ നിയോഗിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്കവും കൃഷിനാശവും കുറക്കുന്നതിനാണ് പദ്ധതിയിൽ പ്രധാനമായും ഊന്നൽ.
രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചുള്ള പദ്ധതികൾ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കാർഷിക മേഖലക്ക് പുത്തൻഉണർവേകും.
മന്ത്രി റോഷി അഗസ്റ്റിൻ, ജലസേചന വകുപ്പ്,