
കോട്ടയം: കുറഞ്ഞവിലയിൽ ശുദ്ധമായ കുപ്പിവെള്ളം 'സുജലം' ഇനി റേഷൻകട വഴി ലഭിക്കും. ലിറ്ററിന് വെറും പത്തുരൂപയേ വിലയുള്ളൂ. ശബരിമല തീർഥാടകർ ഉൾപ്പെടെ യാത്രക്കാർക്ക് ആശ്വാസമാണ് പദ്ധതി.
പൊതുവിപണിയിൽ ലിറ്ററിന് 15 മുതൽ 20 രൂപ വരെയാണ് വില. ജലവിഭവ വകുപ്പുമായി ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ഉൽപ്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ ' വെള്ളമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതിക്ക് കൂടി പരിഹാരമാകുകയാണ് പദ്ധതിയിലൂടെ.
ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലി നഗരത്തിൽ ആറ് റേഷൻകടകളാണുള്ളത്. പഞ്ചായത്തിലാകെ 26 എണ്ണവും. നഗരത്തിലെ അഞ്ചിടത്തും കാനനപാതയിലെ ഒരിടത്തും വിതരണം ആരംഭിച്ചിട്ടുണ്ട്. മകരവിളക്ക് മഹോത്സവത്തിനായി എത്തുന്ന തീർത്ഥാടകർക്കും ഈ സൗകര്യം ഏറെ സഹായകരമാകും.
അര,ഒന്ന്, അഞ്ച് ലിറ്ററുകൾ
അരലിറ്റർ, ഒരുലിറ്റർ, അഞ്ചുലിറ്റർ എന്നീ അളവുകളിലാണ് കുപ്പിവെള്ളം വിൽക്കുക. യഥാക്രമം എട്ട്, 10, 50 രൂപയാണ് വില. നിലവിൽ ഒരു ലിറ്ററിന്റെ വെള്ളമാണ് കടകളിലുള്ളത്. ശബരിമല തീർഥാടനകാലം കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിവിധ പരിപാടികൾക്ക് കൂടുതൽ വെള്ളം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ഓർഡർ ചെയ്ത് ആവശ്യമുള്ളത്ര വാങ്ങാം. ഒരു ലിറ്റർ എട്ട് രൂപയ്ക്കാണ് റേഷൻ വ്യാപാരികൾക്ക് നൽകുന്നത്.