കോട്ടയം: നഗരമദ്ധ്യത്തിലെ പൊളിച്ചുമാറ്റിയ ബസ് സ്റ്റാൻഡ് കെട്ടിടമിരുന്ന സ്ഥലത്ത് നിന്നും മണ്ണ് നീക്കം ചെയ്ത സംഭവത്തിൽ നഗരസഭ കൗൺസിൽ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണം. ഇന്ന് സ്ഥലം വീണ്ടും പുനപരിശോധിക്കാൻ എൻജിനീയറിംഗ് വിഭാഗത്തിന് നിർദേശം നൽകി. ഇവർക്കൊപ്പം സെക്രട്ടറിയും കൗൺസിലർമാരും ഉണ്ടാകും. മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകണം.
ബസ് സ്റ്റാൻഡിൽ നിന്ന് നഷ്ടമായ വസ്തുക്കളുടെ റിപ്പോർട്ട് സമർപ്പിക്കാൻ എൻജിനീയറിംഗ് വിഭാഗത്തോട് നിർദേശിച്ചിരുന്നു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിൽ മുഴുവൻ വിവരങ്ങളില്ലെന്നും നഷ്ടപ്പെട്ട മണ്ണിന്റെ അളവ് ശരിയല്ലെന്നും കൗൺസിലർമാർ ആരോപിച്ചു. അനധികൃതമായി മണ്ണെടുത്ത കരാറുകാരന് നോട്ടീസ് നൽകാനും പൊലീസിൽ പരാതി നൽകാനും തീരുമാനിച്ചു.

തൂണുകളുടെ അടിവാരം വരെ മാന്തിയെടുത്തു
1,24,249 രൂപ മൂല്യമുള്ള 447 ക്യുബിക് മീറ്റർ മണ്ണ് കടത്തിയതായാണ് കണ്ടെത്തിയത്. കെട്ടിടം മാത്രം പൊളിക്കാനുള്ള കരാറിന്റെ മറവിൽ ബസ് ബേയിലെ കോൺക്രീറ്റും മീഡിയനും പൊളിച്ചെടുത്തു. സ്റ്റാൻഡിലെ പത്ത് പോസ്റ്റുകളിൽ നിന്നായി ഡബിൾ ട്യൂബ്‌സെറ്റുകൾ കാണാതായി. അനധികൃതമായി മണ്ണു നീക്കിയ സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങൾ നിറച്ചു നിരപ്പാക്കി. എം.സി റോഡിന്റെ ഭാഗത്ത് ആറു മീറ്റർ വീതിയിൽ മണ്ണുനീക്കി. 447 ക്യുബിക് മീറ്ററിനേക്കാൾ കൂടുതൽ മണ്ണ് കടത്തിയിട്ടുണ്ടെന്നാണ് കൗൺസിലർമാരുടെ വാദം.

അളന്നുതിരിച്ച് സംരക്ഷണവേലി കെട്ടും
കൈയേറിയെന്ന ആരാപണത്തെ തുടർന്ന് സ്ഥലം അളന്നുതിരിച്ച് വേലി കെട്ടും. എസ്റ്റിമേറ്റ് തയ്യാറാക്കാൻ അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തി. ബസ് സ്റ്റാൻഡ് അളന്നുതിരിച്ചുകഴിഞ്ഞാൽ താത്ക്കാലികമായി പേ ആൻഡ് പാർക്കിംഗിന് നൽകും. ബസ് ബേ പുനരാരംഭിക്കുന്ന കാര്യവും പരിഗണിക്കും. റോട്ടറി ക്ലബിന്റെ ടോയ്‌ലെറ്റ് കെട്ടിടം പൊളിച്ചുമാറ്റും.

കരാറുകാരനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കണം. (കൗൺസിൽ യോഗം)