
കോട്ടയം: എൽ.ഡി.എഫിൽ അസംതൃപ്തിയോടെ തുടരുന്ന കേരളാ കോൺഗ്രസ്- എമ്മിന്. യു.ഡി.എഫിലേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെങ്കിൽ അവരെ സ്വാഗതം ചെയ്യുമെന്നും മറ്റു ഘടകകക്ഷികളുമായ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 25ന് ലോക്സഭാ സീറ്റുകൾ സംബന്ധിച്ച് ചർച്ച ആരംഭിക്കും.കൂടുതൽ സീറ്റുകൾ വേണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യവും അന്ന് ചർച്ച ചെയ്യും. കോട്ടയം ലോക്സഭാ സീറ്റ് നിലവിൽ കേരളാ കോൺ ഗ്രസിന്റേതാണ്. ഇത്തവണ സീറ്റ് നൽകുന്നത് തുടർ ചർച്ചകളിലൂടെ തീരുമാനിക്കും. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നീതി നിഷേധമാണെങ്കിലും, ഉറങ്ങിക്കിടന്ന യൂത്ത് കോൺഗ്രസിനെ ഉണർത്താൻ സഹായകമായെന്നും ഹസൻ പറഞ്ഞു
സോളാർ കേസ്: കോടതിയിൽ
ഹാജരാകാൻ സരിതയ്ക്ക് 15 ദിവസം
കൊച്ചി: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് തലശേരി ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിൽ ഹാജരാകാൻ സരിത എസ്. നായർക്ക് ഹൈക്കോടതി 15 ദിവസം അനുവദിച്ചു. അറസ്റ്റ് വാറന്റുള്ള സരിത ഇതിനകം തലശ്ശേരി കോടതിയിൽ ഹാജരാകണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. ജാമ്യഹർജി നൽകിയാൽ അന്നുതന്നെ പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി ഉചിതമായ ഉത്തരവിടണം. ഗുരുതര ആരോഗ്യ പ്രശ്നമുള്ളതിനാൽ ചികിത്സയിലാണെന്നും ആൾക്കൂട്ട സമ്പർക്കം ഡോക്ടർമാർ വിലക്കിയിട്ടുണ്ടെന്നും സരിത ബോധിപ്പിച്ചിരുന്നു.
തലശ്ശേരി കോടതി 2023 ജനുവരി 20നാണ് ജാമ്യമില്ലാ വാറന്റ് അയച്ചത്. ചികിത്സയിലായതിനാൽ വൈകിയാണ് ഇക്കാര്യം അറിഞ്ഞതെന്ന് ഹർജിക്കാരി വാദിച്ചു. കോടതിയിൽ കീഴടങ്ങാൻ തയാറാണ്. എന്നാൽ ജാമ്യാപേക്ഷ അന്നുതന്നെ പരിഗണിക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു ആവശ്യം.
കഴിഞ്ഞമാസം സരിത നൽകിയ മറ്റൊരു ഹർജിയിൽ അടൂർ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ഒരു മാസം അനുവദിച്ചിരുന്നു.