pasport

കോട്ടയം: നീണ്ട കാത്തിരിപ്പിനൊടുവിൽ പുതുവത്സര സമ്മാനമായി പാസ്‌പോർട്ട് സേവാകേന്ദ്രം ‌ഇന്ന് തുറന്നുകൊടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
കൂടുതൽ സൗകര്യങ്ങളോടെ അത്യാധുനിക പാസ്‌പോർട്ട് സേവാ കേന്ദ്രമാണ് ടി.ബി. റോഡിൽ ടി.ബിക്ക് എതിർവശത്തായി ഒലീവ് ബിൽഡിംഗിൽ പ്രവർത്തിക്കുക.

കഴിഞ്ഞ ഫെബ്രുവരി 16നാണ് കോട്ടയത്ത് പ്രവർത്തിച്ചിരുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി വയ്ക്കാൻ നിർദേശം വന്നത്. അന്നേ ദിവസം കെട്ടിടത്തിന് ഉലച്ചിൽ ഉണ്ടായി എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നൽകിയ വിശദീകരണം. കോട്ടയം ഓഫിസിന്റെ ചുമതല ആലപ്പുഴ പാസ്‌പോർട്ട് സേവാ കേന്ദ്രം, എറണാകുളത്തെ കരിങ്ങാച്ചിറ പാസ്‌പോർട്ട് സേവാ കേന്ദ്രം, ആലുവ പാസ്‌പോർട്ട് സേവാ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പുനക്രമീകരിച്ചു. എന്നാൽ ഇത് കോട്ടയം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ സേവനം ലഭിച്ചിരുന്ന പ്രദേശങ്ങളിലെ അപേക്ഷകർക്ക് ദുരിതമായി. തുടർന്ന് തോമസ് ചാഴികാടൻ എം.പി. വിദേശകാര്യ മന്ത്രിയെ നേരിൽ കാണുകയും വിഷയം ലോക്‌സഭയിൽ അവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

'' നീണ്ട ഇടപെടലുകൾ നടത്തി. പാർലമെന്റിൽ മൂന്നു തവണ സബ്മിഷനായി വിഷയം ഉന്നയിച്ചു. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ ജോലികളുടെ തടസം നീക്കാനും ഇടപെട്ടു''

തോമസ് ചാഴികാടൻ എം.പി


'' പുതുവർഷ സമ്മാനമായി പാസ്‌പോർട്ട് സേവാകേന്ദ്രം സമർപ്പിക്കുമെന്ന ഉറപ്പ് പാലിച്ച കേന്ദ്ര സർക്കാരും മന്ത്രി വി മുരളീധരനും അഭിനന്ദനം അർഹിക്കുന്നു''

ജി.ലിജിൻ ലാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്

സൗകര്യങ്ങൾ ഏറെ

 കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം

 വിപുലമായ പാർക്കിംഗ് സൗകര്യം

 എം.സി.റോഡിൽ നിന്ന് വേഗമെത്താം