പാലാ: ഇത്തവണത്തെ പയപ്പാർ ക്ഷേത്രോത്സവത്തിന് ദേവസ്വം ബോർഡ് വേണ്ട ക്രമീകരണങ്ങൾ ചെയ്ത സന്തോഷത്തിലാണ് പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം ഉപദേശകസമിതിയും ഭക്തരും.

കഴിഞ്ഞവർഷം ഉത്സവത്തിന് എണ്ണപോലും അനുവദിക്കാതിരുന്ന ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ ജനരോഷം ഉയർന്നിരുന്നു. മാത്രമല്ല ക്ഷേത്രത്തിലേക്ക് വെള്ളമെടുക്കാൻ ഉപയോഗിച്ചിരുന്ന മോട്ടോർ കത്തിപ്പോയത് നന്നാക്കാത്തതും മേൽശാന്തി ഇല്ലാതിരുന്നതുമൊക്കെ പ്രശ്‌നമായിരുന്നു. ഇതുസംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്ന് ഇത്തവണ എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയതായി ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ ഗോപിനാഥൻ നായർ, ആശാ മനോജ്, കെ.പി. അജേഷ് എന്നിവർ പറഞ്ഞു. കേരളകൗമുദിയോടുള്ള നന്ദിയും രേഖാമൂലം പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശക സമിതി രേഖപ്പെടുത്തി.

ഉത്സവത്തിന് നൂറ് ലിറ്റർ എണ്ണ

ഇത്തവണ 100 ലിറ്റർ എണ്ണ ഉത്സവത്തിന് അനുവദിച്ചിട്ടുണ്ട്. തകരാറിലായ മോട്ടോർ പുതുക്കി സ്ഥാപിച്ചു. കാണിക്കവഞ്ചിക്കുള്ള നടപടികളും പൂർത്തീകരിച്ചു.