റവന്യു അധികാരികളുടെ ഒത്താശയോടെയെന്ന് ആക്ഷേപം

ഭരണങ്ങാനം: മീനച്ചിലാറിന്റെ ഭരണങ്ങാനം കൂറ്റനാൽ കടവിൽ നിന്ന് വൻതോതിൽ മണൽ വാരി കടത്തുന്നു. മീനച്ചിൽ താലൂക്ക് റവന്യു അധികാരികളുടെ ഒത്താശയോടെയാണ് മണൽകടത്തെന്ന ആക്ഷേപം ശക്തമായി. മീനച്ചിൽ നദീ സംരക്ഷണസമിതി ഭാരവാഹികൾ മീനച്ചിൽ താലൂക്ക് റവന്യു അധികാരികൾക്കും പൊലീസിനും വിവരം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മീനച്ചിൽ തഹസിൽദാർ ജോസുകുട്ടി അനധികൃത മണൽവാരൽ നടക്കുന്ന സ്ഥലത്തുകൂടിയാണ് പതിവായി ഓഫീസിലേക്ക് വരുന്നതെങ്കിലും ഒരു അന്വേഷണവും നടത്തിയിട്ടില്ല. രാത്രിയുടെ മറവിൽ ലോഡ് കണക്കിന് മണലാണ് കൂറ്റനാൽ കടവിൽ നിന്നും ചാക്കുകളിൽ നിറച്ച് കയറ്റി പോകുന്നത്. ഇത് സംബന്ധിച്ച് റവന്യു അധികാരികൾക്ക് ചിത്രങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്. മീനച്ചിൽ നദീസംരക്ഷണസമിതിയുടെ പ്രാദേശിക ജാഗ്രതാഘടകമായ മീനച്ചിലാർ കാവൽമാടം ഭരണങ്ങാനം യൂണിറ്റിലെ പ്രവർത്തകർ മീനച്ചിൽ താലൂക്ക് റവന്യു അധികാരികൾക്കും പൊലീസിനും വിവരങ്ങൾ നൽകിയിരുന്നു. റവന്യു അധികാരികൾ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കാവൽമാടം പ്രവർത്തകർ രാത്രി കടവിൽ കാവലിരുന്നു. അന്ന് മാത്രം മണൽ കടത്തിയില്ല.

ഒന്നുമറിഞ്ഞില്ല, പരാതിയും കിട്ടിയില്ല

മീനച്ചിലാറ്റിലെ ഭരണങ്ങാനം കൂറ്റനാൽകടവിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്നത് സംബന്ധിച്ച് ഒരറിവും ലഭിച്ചിട്ടില്ലെന്ന് മീനച്ചിൽ തഹസിൽദാർ ജോസുകുട്ടി കേരളകൗമുദിയോട് പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ തന്നെ അന്വേഷണം നടത്തിയിട്ടുമില്ല. റവന്യു അധികാരികളുടെ അറിവോടെയാണ് മണൽ കടത്തുന്നതെന്ന ആക്ഷേപം ശരിയല്ലെന്നും തഹസിൽദാർ പറയുന്നു.


ഫോട്ടോ: മീനച്ചിലാറ്റിലെ കൂറ്റനാൽ കടവിൽ നിന്ന് അനധകൃതമായി കടത്താൻ മണൽ പ്ലാസ്റ്റിക് ചാക്കിൽ നിറച്ചിരിക്കുന്നു.