kseb

പാലാ: കെ.എസ്.ഇ.ബി.യിലെ അനധികൃത നിയമനത്തിന്റെ പേരിൽ അസിസ്റ്റന്റ് എൻജിനീയർക്ക് പുറമെ പാലാ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കും പണി കിട്ടി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിൻജു ജോൺ ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും നടത്തിയതായും കെ.എസ്.ഇ. ബോർഡിന് 1,56,963 രൂപാ സാമ്പത്തിക നഷ്ടം വരുത്തിയതായും കെ.എസ്.ഇ.ബി. ചെയർമാൻ നല്കിയ കുറ്റപത്രത്തിൽ പറയുന്നു.

കെ.എസ്.ഇ.ബി. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ വി.കെ. സന്തോഷിനാണ് ആദ്യം ബോർഡ് ചെയർമാൻ പിഴയട്ക്കാനുള്ള നോട്ടീസും കുറ്റപത്രവും നൽകിയത്. തൊട്ടുപിന്നാലെ ബിൻജു ജോണിനും കുറ്റപത്രം നൽകുകയായിരുന്നു.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ അസിസ്റ്റന്റായി ഒരാളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതിനെതിരെയാണ് ഇപ്പോൾ ബോർഡ് വിശദീകരണം തേടിയിട്ടുള്ളത്. ഇത് സംബന്ധിച്ച് മുമ്പ് വിജിലൻസും അന്വേഷണം നടത്തിയിരുന്നു. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ അസിസ്റ്റന്റിന്റെ ഒഴിവ് നിലവിൽ ഇല്ലെന്നുള്ള വസ്തുത അറിയാമെന്നിരിക്കെ അസിസ്റ്റന്റ് എഞ്ചിനീയർ വി.കെ. സന്തോഷ് ഒരാളെ നിയമിച്ചുവെന്നാണ് പരാതി ഉയർന്നിരുന്നത്. പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ. അമ്മിണി, ഇലക്ട്രിക്കിൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം. അമ്പിളി എന്നിവരുടെ അറിവോ സമ്മതമോ കൂടാതെയാണ് നിയമനം നടത്തിയത് എന്നായാരിന്നു ആക്ഷേപം.

ബിൻജു ജോണിന് ഉടൻ ചീഫ് എഞ്ചിനീയറായി പ്രമോഷൻ ലഭിക്കേണ്ടതായിരുന്നു. എന്നാൽ പുതിയ ആക്ഷേപം വതോടെ ഇത് തടയപ്പെട്ടിരിക്കുകയാണ്.

നിയമനം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നിർദ്ദേശത്തെ തുടർന്ന്

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ അസിസ്റ്റന്റിനെ നിയമിച്ചത് പാലാ ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ ബിൻജു ജോണിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്നാണ് അസി. എഞ്ചിനീയർ സന്തോഷ് മൊഴി നൽകിയത്.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ സൂപ്രണ്ടായിരുന്ന മുഹമ്മദ് നബീബിനെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി പാറത്തോട് ഇലക്ട്രിക്കൽ സെക്ഷനിലേക്ക് മാറ്റുകയും പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷനിൽ സീനിയർ അസിസ്റ്റന്റായിരുന്ന ശ്രീജയ്ക്ക് സീനിയർ സൂപ്രണ്ടിന്റെ അധിക ചുമതല നൽകിയ ശേഷം സീനിയർ അസിസ്റ്റന്റിന്റെ ഒഴിവുണ്ട് എന്നവകാശപ്പെട്ടാണ് ഈ അനധികൃത നിയമനം നടത്തിയത്.

പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ. അമ്മിണിയുടെ അറിവ് കൂടാതെയായിരുന്നു അനധികൃത നിയമനമെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ അനധികൃതമായി നിയമിച്ച ആളിന്റെ ശമ്പളബിൽ പാസാക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തയ്യാറായില്ല. തുടർന്ന് അമ്മിണിക്കെതിരെ ബിൻജും വകുപ്പുതല നടപടികൾ സ്വീകരിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.