
പാലാ: ''നിഴലും നിലാവും'' നാടകമാണ്. പക്ഷേ അരങ്ങത്തെ കഥാപാത്രങ്ങൾ ജീവിതത്തിലുള്ളവർതന്നെ. യഥാർത്ഥ ജീവിതത്തിലെ എസ്.ഐ. നാടകത്തിലും എസ്.ഐ. ആണ്. പഞ്ചായത്ത് മെമ്പർ ഒറിജിനൽ മെമ്പർ തന്നെ. അമ്പലകമ്മറ്റി ഭാരവാഹികൾക്കും അരങ്ങിൽ മാറ്റമില്ല. ഇവരെയെല്ലാംചേർത്ത് നല്ലൊരു ഭക്തി നാടകമാണ് ''നിഴലും നിലാവും''.
പയപ്പാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പയപ്പാർ ഗ്രാമസൗഹൃദ സമിതിയാണ് നിഴലും നിലാവും എന്ന ലഘുനാടകം അവതരിപ്പിക്കുന്നത്.
കണിമലയിൽ ഉരുൾപൊട്ടി... കുത്തൊഴുക്കിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടി ദുരന്തം കണ്ട് വിറങ്ങലിച്ച് മൂകനായി... വർഷങ്ങൾക്കുശേഷം കുട്ടിയേയും കൂട്ടി മുത്തച്ഛനും മുത്തശ്ശിയും അയ്യപ്പസ്വാമിയുടെ അനുഗ്രഹം വിളങ്ങുന്ന പയപ്പാർ ശ്രീധർമ്മശാസ്താക്ഷേത്ര സന്നിധിയിൽ എത്തുന്നിടത്താണ് നാടകത്തിന്റെ തുടക്കം. പിന്നീട് അവിടെ നടന്നതെല്ലാം അത്ഭുതമാണ്. പഞ്ചായത്ത് മെമ്പറും പോലീസുകാരനും മേൽശാന്തിയും അമ്പല കമ്മറ്റിക്കാരുമൊക്കെ ഇതിന് ദൃക്‌സാക്ഷികൾ. നാടകം മുറുകുമ്പോൾ ഭക്തിയുടെ ഉത്തുംഗതയിലേക്ക് കാണികളെ കൈപിടിച്ചുയർത്താൻ ഭക്തിഗാനങ്ങളുമുണ്ട്. മുക്കാൽ മണിക്കൂറോളം നീളുന്ന നാടകം ക്ലൈമാക്‌സിലേക്ക് നീങ്ങുമ്പോൾ കാണികൾ ഭക്തിലഹരിയിലാകും. അവർ വിറയാർന്ന കൈകൾ കൂപ്പി ശരണം വിളിക്കും; ''സ്വാമിയേ ശരണമയ്യപ്പോ...'' ഇവിടെ നിഴലും നിലാവിനും കർട്ടനും വീഴും.
നാടകത്തിൽ ഇടയ്ക്ക് വരുന്ന എസ്.ഐ. ആയി പാലാ രഹസ്യാന്വേഷണ വിഭാഗത്തിലെ എസ്.ഐ. ബിനോയി തോമസ് ആണ് രംഗത്തുവരുന്നത്. കരൂർ പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ് പഞ്ചായത്ത് മെമ്പറായി തന്നെ വേഷമിടുന്നു. പയപ്പാർ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ ഭക്തജനക്കൂട്ടായ്മ ഭാരവാഹികളായ പ്രദീപ് സുദർശന, മനോജ് ആപ്പിൾവില്ല, അനിൽകുമാർ തുടങ്ങിയവർ അമ്പലക്കമ്മറ്റി ഭാരവാഹികളായിത്തന്നെ വേദിയിൽ കസറും. ഇവരോടൊപ്പം ഒൻപത് വയസുകാരൻ പ്രത്യുഷും പതിനാലുവയസുകാരി മാളവികയും അരങ്ങിലെത്തും. ജനുവരി 14 ന് രാത്രി 8 മണിക്കാണ് പയപ്പാർ ശ്രീധർമ്മശാസ്താക്ഷേത്ര തിരുവരങ്ങളിൽ നാടകം അരങ്ങേറുന്നത്.
പയപ്പാർ ക്ഷേത്രാങ്കണത്തിൽ ജീവിതം വഴിമുട്ടിയ ഒരാൾ ഒരിക്കൽ ആത്മഹത്യയ്ക്കായി വന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ അമ്പലക്കമ്മറ്റി ഭാരവാഹികളും അന്നത്തെ മേൽശാന്തിയുമൊക്കെ ഇയാളെ കാണുകയും മാർഗ്ഗ നിർദ്ദേശ ഉപദേശങ്ങൾ നൽകി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. ഇതുൾപ്പെടെയുള്ള അനുഭവങ്ങളും വിശ്വാസങ്ങളും ഇഴചേർത്തുകൊണ്ടാണ് നിഴലും നിലാവും വേദിയിലെത്തിക്കുന്നത്- ഗ്രാമസൗഹൃദ സമിതി കൺവീനറും ഭക്തജന കൂട്ടായ്മാനേതാവുമായ പ്രദീപ് സുദർശന 'കേരള കൗമുദി''യോട് പറഞ്ഞു.