pas

കോട്ടയം : രാജ്യത്ത് പാസ്‌പോർട്ട് സേവ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് തയ്യാവുകയാണെന്നും സമീപഭാവിയിൽ ഇ - പാസ്‌പോർട്ട് സംവിധാനം നിലവിൽ വരുമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കോട്ടയം പാസ്‌പോർട്ട് സേവാകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ വ്യാജപാസ്‌പോർട്ട് പോലുള്ള വെല്ലുവിളികൾ കുറയും. രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്‌പോർട്ട് സേവനം ലഭ്യമാക്കാൻ വിദേശകാര്യമന്ത്രാലയം പ്രയത്‌നിക്കുകയാണ്. പാസ്‌പോർട്ട് സേവനങ്ങളുടെ കാര്യത്തിൽ 2014 ന് ശേഷം രാജ്യത്ത് വലിയ പുരോഗതി ഉണ്ടായി. നാട്ടിൻപുറങ്ങളിൽ നിന്നുള്ളവർക്ക് പാസ്‌പോർട്ട് സേവനം ലഭിക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്യുകയും മണിക്കൂറുകൾ ക്യൂ നിൽക്കുകയും ചെയ്യേണ്ടി വന്നിരുന്ന സാഹചര്യം മാറി. കോട്ടയത്തെ പാസ്‌പോർട്ട് സേവാകേന്ദ്രം സുരക്ഷാഭീഷണി മൂലം തത്ക്കാലത്തേക്ക് അടച്ചപ്പോൾ നടന്ന വ്യാജപ്രചാരണങ്ങളെ പൊളിച്ചെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കോട്ടയത്ത് ഇനി സേവാകേന്ദ്രമില്ലെന്ന് പ്രഖ്യാപിച്ച് നരേന്ദ്രമോദിക്കെതിരെ സമരം ചെയ്യാൻ പോലും പലരും മുതിർന്നെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി,​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുങ്ങിയവർ സംസാരിച്ചു. എം.എൽ.എമാരായ മോൻസ് ജോസഫ്,​ മാണി സി.കാപ്പൻ,​ കൗൺസിലർ ജയചന്ദ്രൻ ചീറോത്ത് തുടങ്ങിയവർ പങ്കെടുത്തു.