velu

വില കുതിച്ചുയരുന്നു @ 260 രൂപ

കോട്ടയം : ഉള്ളികളിൽ കേമൻ വെളുത്തുള്ളി, കിലോ വില 260 എത്തി. സവാള വില കുറഞ്ഞ് 40 ലെത്തി. ഒരുകിലോ ഉള്ളിയുടെ വില 60 രൂപയാണ്​. ഒരു മാസത്തിനിടെ നൂറ്​ രൂപയോളമാണ്​ വെളുത്തുള്ളിയ്ക്ക് ഉയർന്നത്​. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ കഴിഞ്ഞമാസം 140 രൂപയാണുണ്ടായിരുന്നത്.

ചില്ലറ വ്യാപാരകേന്ദ്രങ്ങളിലേക്ക്​ എത്തുമ്പോൾ ഇപ്പോൾ ​ മു​ന്നൂ​റ് രൂപയാകും വില. ഫെബ്രുവരിയോടെ പകുതിയോടെയാണ്​ വെളുത്തുള്ളിയുടെ സീ​സൺ തു​ട​ങ്ങു​ന്നത്. ഇതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ്​ വ്യാപാരി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോയമ്പത്തൂർ, തിരുനെൽവേലി, മധുര, തെങ്കാശി എന്നിവിടങ്ങളിൽ നിന്നുമാണ്​ പ്രധാനമായും വെളുത്തുള്ളി ജില്ലയിലെ മാർക്കറ്റിലേക്ക്​ എത്തുന്നത്​. അരക്കിലോ വെളുത്തുള്ളി വാങ്ങിയവർ ഇപ്പോൾ 50 ഗ്രാ​മായി ചുരു​ക്കി​. പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത വെളുത്തു​ള്ളി വാങ്ങാതിരി​ക്കാ​നും സാ​ധി​ക്കാ​ത്ത സ്ഥി​തി​യാണ്. വെളുത്തുള്ളിക്ക് വില കൂടിയതോടെ അച്ചാർ നിർമ്മാണ കമ്പനികളും പ്രതിസന്ധിയിലാണ്. വെളുത്തുള്ളി വിലയ്ക്ക് അനുസരിച്ച് അച്ചാർ വിലയും വർദ്ധിപ്പിച്ചാൽ കച്ചവടത്തെ ബാധിക്കും.

ഗുണനിലവാരം കുറയുമെന്ന് ആശങ്ക

സീസണിനെ തുടർന്ന്​ എത്തുന്ന വെളുത്തുള്ളിയ്ക്ക്​ നിലവിലുള്ള സ്‌റ്റോക്കിനേക്കാൾ ഗുണനിലവാരം കുറയുമെന്നാണ്​ വ്യാപാരികൾ പറയുന്നത്​.

ഊട്ടി, കാന്തല്ലൂർ എന്നിവിടങ്ങളിൽ നിന്ന് സാധാരണ വെളുത്തുള്ളി വരാറുണ്ടെങ്കിലും ഉത്​പാദനക്കുറവ്​ മൂലം ഇത്തവണ എത്തിയില്ല. മഹാരാഷ്ട്ര, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, തമിഴ്​നാട്​ എന്നിവിടങ്ങളിൽ നിന്നാ​ണ് ജില്ല​യി​ലേക്ക് പ്രധാനമായും വെളു​ത്തു​ള്ളി എത്തുന്നത്. കാലംതെറ്റിയ മഴയും കൃഷിനാശവും വരൾച്ചയുമെല്ലാം കൃഷിയെയും വിപണിയെും പ്രതികൂലമായി ബാ​ധി​ച്ചു.

പ്രിയം കാന്തല്ലൂർ വെളുത്തുള്ളി

ഇൻഹേലിയം,റെഡ് ഇൻഹേലിയം എന്നിവയാണ്കാന്തല്ലൂരിൽ കൃഷി ചെയ്തുവരുന്ന വെളുത്തുള്ളി ഇനങ്ങൾ. കാന്തല്ലൂരിൽ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വെളുത്തുള്ളിക്ക് മ​റ്റു പ്രദേശങ്ങളിൽ വിളയുന്ന വെളുത്തുള്ളിയേക്കാളും തൈലത്തിന്റെ അളവും ,കേടുകൂടാതെ ഇരിക്കുന്ന കാലയളവും കൂടുതലാണ് .

വില ഇനിയും ഉയർന്നാൽ ആവശ്യക്കാർ കുറയും. പലരും കുറച്ചാണ് ഇപ്പോൾ വാങ്ങുന്നത്. ചില കറികളിൽ വെളുത്തുള്ളി ഒഴിച്ചുകൂടാനാവില്ല.

രാജേഷ്, വ്യാപാരി