കോട്ടയം : സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 24-ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന പൊതുപണിമുടക്കിന് എം.ജി യൂണിവേഴ്സിറ്റിയിൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ പണിമുടക്ക് നോട്ടീസ് നൽകി. പരീക്ഷാഭവനിൽ നിന്നും ജീവനക്കാർ പ്രകടനമായി എത്തിയാണ് വൈസ് ചാൻസിലർക്ക് നോട്ടീസ് നൽകിയത്. സംസ്ഥാന സിവിൽ സർവീസിനെയും പൊതുസർവകലാശാലകളെയും തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി പണിമുടക്ക് മാറുമെന്ന് ജനറൽ സെക്രട്ടറി ജോസ് മാത്യു പറഞ്ഞു. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എൻ നവീൻ അധ്യക്ഷനായിരുന്നു. ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ മഹേഷ്, സെറ്റോ ജില്ലാ കൺവീനർ ജോബിൻ ജോസഫ്, എന്നിവർ നേതൃത്വം നൽകി.