പാലാ: നഗരത്തിൽ അമൃതം കുടിവെള്ള പദ്ധതി വ്യാപകമാക്കാൻ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രധാനപ്പെട്ട കുടിവെള്ള ലൈൻ കടന്നുപോകുന്നതിന് സമീപത്തുള്ളവർ റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും കോപ്പി കൊടുത്താൽ കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയാണിത്. 5 മീറ്റർ പൈപ്പും മീറ്ററും ഫ്രീയാണ്. കൂടുതൽ ദൂരം വേണമെങ്കിൽ അതിനുള്ള പൈപ്പ് ഉപയോക്താവ് വാങ്ങേണ്ടി വരും. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനാൽ അമൃതം കുടിവെള്ള പദ്ധതിയിലൂടെ കൂടുതൽപേർക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപ്പാക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് ഭരണപ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
പഴയ കേബിളുകൾ എത്രയുംവേഗം നീക്കണം
പാലാ നഗരത്തിൽ പലയിടത്തായി പോസ്റ്റുകൾ വലിച്ച് വർഷങ്ങളായി ഇതിൽ സ്ഥാപിച്ചിരിക്കുന്ന ഇപ്പോൾ ഉപയോഗശൂന്യമായ കേബിളുകൾ എത്രയുംവേഗം നീക്കണമെന്ന് വി.സി. പ്രിൻസ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ ബിജി ജോജോ, അഡ്വ. ബിനു പുളിക്കക്കണ്ടം തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത കൗൺസിലിൽ റിപ്പോർട്ട് വയ്ക്കാൻ കൗൺസിൽ യോഗം മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പാലാ നഗരത്തിലെ പുറമ്പോക്കിലും മറ്റും ഇരിക്കുന്ന വഴിയോര കച്ചവടക്കാർക്ക് ഏതെങ്കിലും രീതിയിലുള്ള എൻ.ഒ.സി. കൊടുക്കുന്നുണ്ടെങ്കിൽ നിയമം അനുസരിച്ച് മാത്രമേ അത് ചെയ്യാവൂവെന്ന് ജിമ്മി ജോസഫ് ആവശ്യപ്പെട്ടു. പാലാ ജനറൽ ആശുപത്രിക്ക് മുന്നിലെ ഒരു വഴിയോര കച്ചവട സ്ഥാപനത്തിന് കറന്റ് കണക്ഷൻ എടുക്കാൻ എൻ.ഒ.സി. നൽകുന്ന വിഷയത്തിന്റെ നിയമവശം പരിഗണിച്ച് വേണ്ടതു ചെയ്യാൻ സെക്രട്ടറിയെ കൗൺസിൽ യോഗം ചുമതലപ്പെടുത്തി.
മുനിസിപ്പൽ ചട്ടം ലംഘിക്കുന്നു
വിവിധ വിഷയങ്ങളിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് നഗരസഭാ ചെയർപേഴ്‌സൺ മുൻകൂർ അനുമതി കൊടുക്കുന്ന വിഷയങ്ങൾ തൊട്ടടുത്ത കൗൺസിലിൽ വച്ച് പാസാക്കണമെന്ന മുനിസിപ്പൽ ചട്ടം മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം ലംഘിക്കുകയാണെന്ന് ഭരണപക്ഷത്തുനിന്നുതന്നെ ആരോപണം. ഭരണപക്ഷാംഗങ്ങളായ അഡ്വ. ബിനു പുളിക്കക്കണ്ടം, ഷീബാ ജിയോ എന്നിവർ ഈ വിഷയത്തിൽ വിയോജനവും രേഖപ്പെടുത്തി. നിരവധി വിഷയങ്ങളിൽ മുൻകൂർ അനുമതി കൊടുത്തെങ്കിലും തൊട്ടടുത്ത കൗൺസിൽ യോഗത്തിൽ ഇത് പാസാക്കാൻ വയ്ക്കാത്തത് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഇതേ സമയം ഇതിന് മുമ്പും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ ജോസിൻ ബിനോ പറഞ്ഞു. രണ്ടുപേരുടെ വിയോജനത്തോടെ ചെയർപേഴ്‌സന്റെ മുൻകൂർ അനുമതി കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ പാസായി.