കോട്ടയം : ഓർത്തഡോക്‌സ് സഭ അടൂർ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ അപ്രേമും ഒരുവിഭാഗം വിശ്വാസികളും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിന് ദേവലോകം അരമനയിൽ ചേർന്ന അടിയന്തര സുന്നഹദോസിൽ ഒത്തുതീർപ്പായി. വിഷയം പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് സുന്നഹദോസിനെ അറിയിച്ച സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, പരാതികൾ രമ്യമായി പരിഹരിക്കുമെന്നും വ്യക്തമാക്കി. ഇതോടെ സഭാപ്രതിനിധികൾ മർദിച്ചെന്ന് കാട്ടി മെത്രാപ്പോലീത്തയുടെ ഡ്രൈവർ പൊലീസിന് നൽകിയ പരാതി പിൻവലിക്കാനും ധാരണയായി. സഭയുടെ കോളേജുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം നടത്തുകയാണെന്നാന്നാരോപിച്ച് അടൂർ കടമ്പനാട് ഭദ്രാസന അരമനയിലെത്തി ഒരുവിഭാഗം വിശ്വാസികൾ അടുത്തിടെ പ്രതിഷേധിച്ചിരുന്നു. ഇവർക്കെതിരെ അരമനയിൽ അതിക്രമിച്ച് കടന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാട്ടിയാണ് ഡ്രൈവർ പരാതി നൽകിയത്. ഇതിൽ സഭ മാനേജിങ് കമ്മറ്റിയംഗം, ഭഭ്രാസനകൗൺസിൽ അംഗം എന്നിവരടക്കം നാലുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.