
കോട്ടയം : നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വൻകവർച്ച. ഇന്നലെ രാവിലെ എട്ടോടെ സ്കൂൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ഹൈസ്കൂൾ ബ്ലോക്കിലും, ഹയർ സെക്കൻഡറി ബ്ലോക്കിലുമായി ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഒരു ഡി.എസ്.എൽ.ആർ ക്യാമറ, സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആർ (ഡിജിറ്റൽ വീഡിയോ റെക്കോർഡർ), ചാരിറ്റി ബോക്സിൽ കുട്ടികൾ നിക്ഷേപിച്ച പണം എന്നിവയാണ് കവർന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികൾ ഒരു വർഷമായി ബാഗിലാക്കി അദ്ധ്യാപക മുറിയിൽ സൂക്ഷിച്ചിരുന്ന 30000 രൂപയാണ് നഷ്ടമായത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്കൂളിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് മോഷണം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.