
പാലാ : പാലായിലെ ശരവണ ഭവൻ ഹോട്ടലിൽ തീപിടിത്തം. മാർക്കറ്റിനു സമീപം മുനിസിപ്പൽ ബിൽഡിംഗ്‌സിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ വെജിറ്റേറിയൻ ഹോട്ടലിൽ രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്.
തീപടരുന്നത് കണ്ട് ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും ജീവനക്കാരും ഓടി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. അടുക്കളയിൽ പൂരി ഉണ്ടാക്കുന്നതിനിടയിൽ എണ്ണക്ക് തീ പിടിച്ച് പടരുകയായിരുന്നു. രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മുകൾ ഭാഗത്തെ എയർ കണ്ടീഷണർ അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചു. ജനൽച്ചില്ലുകളും തകർന്നിട്ടുണ്ട്.
അടുക്കള ഉപകരണങ്ങളും ഇരിപ്പിടങ്ങളുമെല്ലാം കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവർ ഓടി പുറത്തിറങ്ങി. പാലാ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തിയണച്ചത്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ പറയുന്നു. നഗരസഭാ ചെയർപേഴ്‌സണും ജനപ്രതിനിധികളുമടക്കമുള്ളവർ സ്ഥലത്തെത്തി. ശബരിമല തീർത്ഥാടകർ എത്തുന്ന ഹോട്ടലിൽ തിരക്കേറുന്ന സമയത്ത് തീപിടിത്തമുണ്ടായത് നഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്.