കോട്ടയം : കെ.എസ്.ആർ.ടി.സി പമ്പ സ്പെഷ്യൽ ബസും, വാനും കൂട്ടിയിടിച്ച് തീർത്ഥാകരടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മുക്കൂട്ടുതറ മുട്ടപ്പള്ളിയ്ക്ക് സമീപം കുട്ടപ്പായി പടിയിലായിരുന്നു അപകടം. പമ്പയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിൽ എതിർദിശയിലെത്തിയ വാൻ ഇടിക്കുകയായിരുന്നു. കോയമ്പത്തൂരിൽ നിന്ന് എത്തിയ വാൻ തീർത്ഥാടകരെ എരുമേലിയിൽ ഇറക്കിയ ശേഷം പമ്പയിലേക്ക് പോകുകയായിരുന്നു. വാൻ ഡ്രൈവർ പാലക്കാട് സ്വദേശി ദീപക് (38) നെ ഒരുമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. കാലിന് ഗുരുതരപരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കി പരിക്കേറ്റവർ ബസിലുണ്ടായിരുന്നവരാണ്. നാട്ടുകാരും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.