
കോട്ടയം:കടുത്ത വരൾച്ച നേരിടുന്നതിന് മുൻപേ, ലിറ്റർ കണക്കിന് ശുദ്ധജലം പാഴാകുന്നു. പാക്കിൽ പാലത്തിങ്കൽ തോപ്പിൽ റോഡിന് സമീപത്താണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. വേനൽക്കാലത്ത് കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശമാണിത്. പൈപ്പ് പൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.
കുടിവെള്ളത്തിനായി നെട്ടോട്ടം
നഗരസഭയുടെ 33ാം വാർഡാണിത്. ജലക്ഷാമം രൂക്ഷമാകുമ്പോഴാണ് ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പ്രാഥമികാവശ്യങ്ങൾക്ക് ഉൾപ്പെടെ വെള്ളം വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ് പ്രദേശവാസികൾക്ക്. കുടിവെള്ള ലോബികൾ തോന്നുംപടി വിലയാണ് ഈടാക്കുന്നതും. പൈപ്പ് പൊട്ടൽ ഇവിടെ പതിവാണെന്നും പ്രദേശവാസികൾ പറയുന്നു. ഇന്റർലോക്ക് പാകിയിരിക്കുന്ന പാതയിലാണ് പൈപ്പ് പൊട്ടി ഒഴുകുന്നത്. ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായിപ്പോകുന്നത്. ഓടയില്ലാത്തതിനാൽ റോഡിൽ വെള്ളക്കെട്ടും രൂപപ്പെടുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ദിവസവമുള്ള വെള്ളമൊഴുക്കിൽ ഇന്റർലോക്ക് തകരുകയും വലുതും ചെറുതുമായ കുഴികളും ഇവിടെ രൂപപ്പെടുന്നതിനും റോഡ് തകരുന്നതിനും ഇടയാക്കുന്നു. വെള്ളം ഒഴുകുന്നത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതിന് സമീപത്താണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ ദേഹത്തെയ്ക്ക് വെള്ളം വീഴുന്നതിനും ഇടയാക്കുന്നു. പൈപ്പ് പൊട്ടൽ പരിഹരിക്കുകയും വെള്ളം പാഴാക്കാതെ സംരക്ഷിക്കുന്നതിനും വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു.