ചങ്ങനാശേരി: മഴയിൽ ചോർന്നൊലിക്കുന്ന അകത്തളം. ചങ്ങനാശേരി ചങ്ങനാശേരി റവന്യൂ ടവറിലെ ഈ ദുരവസ്ഥ ഇനി മാറും.
റവന്യൂ ടവറിന്റെ തകർന്ന റൂഫിംഗ് മാറാൻ ഒടിവിൽ നടപടിയായി.റൂഫിംഗ് ഷീറ്റ് മാറ്റുന്നതിനായി 20 ലക്ഷം രൂപ ലഭിച്ചതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. താലൂക്ക് വികസന സമിതി കൂടുന്ന സമയങ്ങളിലും മറ്റു പൊതുപരിപാടികൾ നടക്കുമ്പോഴും റവന്യൂ ടവറിൽ വരുന്ന പൊതുജനങ്ങളും ഉദ്യോഗസ്ഥരും നിരന്തരം റൂഫിംഗ് ഷീറ്റ് മാറ്റണം എന്ന ആവശ്യം അറിയിച്ചിരുന്നു. തുടർന്നാണ് ഹൗസിംഗ് ബോർഡിൽ നിന്ന് അവശ്യമായ തുക ലഭ്യമാക്കിയത്. മഴക്കാലത്ത് റവന്യു ടവറിന്റെ അകത്തളം വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയായിരുന്നു. നഗരത്തിലെ സർക്കാർ ഓഫീസുകളെല്ലാം ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന ടവർ മഴ പെയ്താൽ ചോർന്നൊലിച്ചിരുന്നത്. ദിനംപ്രതി നൂറുകണക്കിനു ആളുകളാണ് ഇവിടെ എത്തുന്നത്. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, ഒട്ടനവധി സ്വകാര്യ ഓഫീസുകൾ തുടങ്ങി 60 ഓളം സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ടവറിനുള്ളിലെ വിവിധ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗത്തെ മേൽക്കൂര ഗ്ലാസ് കൊണ്ട് നിർമ്മിച്ച കമാനമാണ്. ഇവിടെ നിന്നും വീഴുന്ന വെള്ളമാണ് ടവറിനുള്ളിൽ കെട്ടിക്കിടക്കുന്നത്. ഗ്ലാസ് മേൽക്കൂരയിലെ ചോർച്ചയാണ് ഇതിനു കാരണം.
അന്ന് പണം പാഴായി
നാളുകൾക്ക് മുമ്പ് നാല് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ മുടക്കി മേൽക്കൂരയിലെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. എന്നാൽ വെള്ളം വീഴുന്നതിൽ മാറ്റമില്ലായിരുന്നു. മിക്ക ഓഫീസുകളുടെയും ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥിതിയായിരുന്നു.