
വൈക്കം: കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിട സമുച്ചയം പ്രവർത്തന സജ്ജമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് 2018ൽ അനുവദിച്ച രണ്ടേകാൽ കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട സമുച്ചയം നിർമ്മിച്ചത്. നാലു ക്ലാസ് മുറികളും പ്രിൻസിപ്പലിനും സ്റ്റാഫുകൾക്കുമായി മൂന്ന് മുറികളുമടക്കം ഏഴു മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് ബ്ലോക്കുമുൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയടക്കം നിരവധി പ്രമുഖർ പഠനം നടത്തിയ സ്‌കൂളാണിത്. 22ന് രാവിലെ 11ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.