
കർഷക സംഘടനകളുടെ സമരം ഫലംകണ്ടു
വൈക്കം: അപ്പർകുട്ടനാട്ടിലെ നെൽകൃഷിയേയും ഇടവിളകളേയും ഓരുജല ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ വേമ്പനാട്ടുകായലും കരിയാറുമായി ചേരുന്ന തോട്ടുവക്കത്ത് ഓരുമുട്ട് നിർമ്മാണം തുടങ്ങി. മൂവാറ്റുപുഴയാറും കരിയാറും സംഗമിക്കുന്ന വാഴമന മുട്ടുങ്കലിലും ഓരുമുട്ട് നിർമ്മിമിക്കും. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചിട്ട് ദിവസങ്ങളായി. കായൽജലത്തിൽ ഏതാനും ദിവസങ്ങൾക്കകം ലവണാശമേറുമെന്ന് ആരോപിച്ച് കർഷകസംഘടനകൾ സമരം നടത്തിയതിനെ തുടർന്നാണ് നടപടികൾ പൂർത്തിയാക്കി ഓരുമുട്ട് നിർമ്മാണം തുടങ്ങിയത്. തലയാഴം, വെച്ചൂർ, ഉദയനാപുരം, തലയോലപറമ്പ്, കല്ലറ പഞ്ചായത്തുകളിലായി നൂറുകണക്കിന് ഏക്കറിലാണ് നെൽകൃഷിയുള്ളത്. നെൽകൃഷിക്ക് പുറമെ വാഴ,കപ്പ, പച്ചക്കറി, ജാതി തുടങ്ങിയ ഇടവിളകളും ഓരുകയറി നശിക്കാതിരിക്കാനും ഓരുമുട്ടുകൾ സമയബന്ധിതമായി സ്ഥാപിക്കണം. വെച്ചൂർ, തലയാഴം, ടി.വി പുരം, ഉദയനാപുരം, ചെമ്പ്, തലയോലപറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടേയും പരിധിയിലുള്ള പുഴ, ഇടത്തോടുകൾ, നാട്ടുതോടുകൾ തുടങ്ങിയവ വേമ്പനാട്ടുകായലുമായി ചേരുന്നിടങ്ങളിലാണ് ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്. വെച്ചൂർ , തലയാഴം, ടി വി പുരം പഞ്ചായത്തുകളിൽ ഓരുമുട്ട് നിർമ്മാണം പൂർത്തിയായി.
മുമ്പ് വലിയ നാശം
ഓരുജലം കയറി മുൻകാലങ്ങളിൽ നെൽകൃഷി, പച്ചക്കറി, കപ്പ, വാഴ, ജാതി എന്നിവ വ്യാപകമായി നശിച്ചിരുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടയ്ക്കുന്നതിന് പിന്നാലെ ഉൾപ്രദേശങ്ങളിലെ കൃഷി സംരക്ഷിക്കുന്നതിനായി ഓരുമുട്ട് സമയബന്ധിതമായി സ്ഥാപിക്കണമെങ്കിലും അധികൃതരുടെ അനാസ്ഥമൂലം പലപ്പോഴും സ്ഥാപിക്കൽ വൈകുന്നതായി കർഷകർ ആരോപിക്കുന്നു.