helicopter

കോട്ടയം: കരിമീനിന്റെയും കായലിന്റെയും നാട്​ വിനോദസഞ്ചാര രംഗത്ത്​ പുതിയ ചുവടുവയ്പിലേക്ക്​. സംസ്ഥാന സർക്കാർ സ്വകാര്യപങ്കാളിത്തത്തോടെ ആരംഭിച്ച 'ഹെലി ടൂറിസം' പദ്ധതിയിലെ പാക്കേജിൽ തുടക്കത്തിൽതന്നെ കുമരകം ഇടം നേടി​. മൂ​ന്നാർ, തേ​ക്കടി, കുമ​ര​കം, ആലപ്പുഴ പാക്കേജാണ്​ നിലവിലുള്ളത്​. ഹെലി ടൂറിസം പാക്കേജിലൂടെ കായൽഭംഗി പൂർണമായും ഇനി പറന്നുകണ്ട്​ ആസ്വദിക്കാം.
കുമരകത്ത്​ രണ്ട്​ റിസോർട്ടുകളിലായി ഹെലികോപ്​ടർ ഇറങ്ങാനുള്ള ഹെലിപാഡുകളുണ്ട്​. ഇത്​ ഉപയോഗപ്പെടുത്തിയാകും സർവീസ്​. കൂടുതൽ സർവീസുകൾ വന്നാൽ പുതിയ ഹെലിപാഡുകൾ പണിയും. ഒരു ഹെലിപാഡ്​ പണിയാൻ അഞ്ച്​ ലക്ഷം മുതൽ 20 ലക്ഷം രൂപവരെ ചിലവുണ്ട്​.
കേരളത്തിലാകെ 127 സ്വകാര്യ ഹെലിപാഡുകളുണ്ട്​. ഇതിൽ മിക്കതും ഉപയോഗിക്കാറില്ല. ഇവയെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്​ കേരളത്തിൽ ഹെലിടൂറിസം നടപ്പാക്കുന്നത്​. ടൂറിസ്​റ്റുകൾക്ക്​ കേരളം പറുദീസയാണെങ്കിലും യാത്ര ചെയ്യാനെടുക്കുന്ന സമയം എന്നും പ്രശ്​നമാണ്​. ഇതിന്​ പരിഹാരമായാണ്​ പ്രീമിയം ടൂറിസ്​റ്റുകൾക്കായി ഹെലിടൂറിസം ഒരുക്കിയിരിക്കുന്നത്​.

ഇതിനോടകം ഇരുപതിലധികം ട്രിപ്പുകളാണ്​ കുമരകത്തേക്ക് ബു​ക്കിം​ഗ് ആയത്​. ചിപ്​സാൻ കമ്പനിയാണ്​ ഹെലി ടൂറിസം നടത്തുന്നത്​. ഇവർക്ക്​ എട്ട്​ ഹെലികോപ്​ടറുകളുണ്ട്​. ഇതിൽ നാല്​ സീറ്റ്​ മുതൽ 10 സീറ്റ്​ വരെയുള്ളതുമുണ്ട്​. അഞ്ചുപേർക്ക്​ ഇരിക്കാവുന്ന ഹെലികോപ്​ടറാണ്​ കുമരകം ഉൾപ്പെടുന്ന പാക്കേജിൽ സർവീസ്​ നടത്തുന്നത്​. ഇതിന്​ 3.25 ലക്ഷം രൂപയാകും. രണ്ട്​ പുതിയ കമ്പനികൾ കൂടി പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമറിയിച്ചിട്ടുണ്ട്​. കേന്ദ്ര സർക്കാരിന്റെ പവൻഹംസും താൽപ്പര്യമറിയിച്ചു. ഇവരുടെ സർവീസുകൾകൂടി വരുന്നതോടെ കുമരകത്ത്​ ഹെലികോപ്​ടർ സാധാരണ കാഴ്​ചയാകും. ഹെലികോപ്​ടറുകൾ ദുരന്തനിവാരണത്തിനും ഉപയോഗിക്കാം. അവശ്യഘട്ടങ്ങളിൽ ജീവൻരക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കണമെന്ന നിബന്ധനയുൾപ്പെടുന്ന ധാരണാപത്രമായിരിക്കും കമ്പനികളുമായി സർക്കാർ ഒപ്പുവയ്​ക്കു​ക.