
കറുകച്ചാൽ : വാഴൂർ തേക്കാനം മൃഗാശുപത്രിയിൽ വെറ്ററിനറി ഡോക്ടർ ഇല്ലാതായിട്ട് ആറുമാസമായതോടെ ക്ഷീരകർഷകരടക്കം ദുരിതത്തിൽ. നിരവധിപ്പേരാണ് അരുമകളുമായി ഇവിടെയെത്തുന്നത്. യഥാസമയം ചികിത്സ ലഭിക്കാത്തതിനാൽ രോഗം ബാധിച്ച പക്ഷി - മൃഗാദികൾ അവശരാണ്. ഗുരുതര രോഗങ്ങൾ ബാധിക്കുന്ന കന്നുകാലികൾക്ക് വീടുകളിൽ വെറ്ററിനറി ഡോക്ടർ നേരിട്ടെത്തി ചികിത്സ നൽകിയിരുന്നെങ്കിലും ഇതും നിലച്ചിരിക്കുകയാണ്. നിരവധി കന്നുകാലികളെയാണ് പ്രദേശത്ത് വളർത്തുന്നത്. സദാസമയം തിരക്കുള്ള ആശുപത്രിയിലാണ് അധികൃതരുടെ പിന്തിരിപ്പൻ നിലപാട് കർഷകരെ വലയ്ക്കുന്നത്. പഞ്ചായത്തിലുള്ളവർ മറ്റ് സ്ഥലങ്ങളിലെ ഡോക്ടർമാരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വാഴൂരിൽ നാല് പശുക്കളാണ് ആഴ്ചകൾക്ക് മുൻപ് ചത്തത്. രണ്ടെണ്ണം പേവിഷബാധയേറ്റും, രണ്ടെണ്ണം പ്രസവത്തെ തുടർന്നും.
താത്കാലിക സേവനം, ഇരട്ടി ജോലിഭാരം
മുൻപ് ഉണ്ടായിരുന്ന ഡോക്ടർ ആറുമാസം മുൻപ് കാഞ്ഞിരപ്പള്ളി കപ്പാടേക്ക് സ്ഥലം മാറിയിരുന്നു. പിന്നീട് പുതിയ ഡോക്ടറെ നിയമിച്ചില്ല. നിലവിൽ നെടുംകുന്നം മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് താത്കാലിക ചുമതല. എല്ലാ ദിവസവും ഇവർക്ക് എത്താൻ കഴിയില്ല. ഇവരുടെ ജോലിഭാരവും ഇരട്ടിയായി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തിന് കീഴിലെ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാലതാമസം ഉണ്ടാകുന്നതായും ആരോപണമുണ്ട്.
മറ്റ് പഞ്ചായത്തിലെ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ് കർഷകർക്ക്. താത്കാലിക ചുമതലയുള്ളയാൾ എല്ലാദിവസവും എത്താറില്ല. ഇത് പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
(എൻ.മനോജ്, ക്ഷീരസംഘം സെക്രട്ടറി)