
കോട്ടയം: കേരളത്തിലെ കാർഷിക മേഖല വൻ തകർച്ചയിലായിട്ടും സമ്പദ് വ്യവസ്ഥ പാടെ തകർന്നിട്ടും സംസ്ഥാന സർക്കാർ നിസംഗത കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റബറിന്റെ താങ്ങുവില 300 രൂപയായി വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് നടത്തിയ റബർ കർഷക ലോംഗ് മാർച്ചിന്റെ തിരുനക്കരയിൽ നടത്തിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.ഡി. സതീശൻ.
പ്രകടന പത്രികയിൽ റബറിനു 250 രൂപ വാഗ്ദാനം ചെയ്തു അധികാരത്തിൽ എത്തിയവർ ഇപ്പോൾ അതിനെക്കുറിച്ചു മിണ്ടുന്നില്ല. എല്ലാ കാർഷിക മേഖലയും അവഗണനയിലാണ്. നാളികേര സംഭരണം പരാജയമാണ്. നെല്ല് സംഭരിച്ചശേഷം പണം കർഷകർക്കു നല്കുന്നില്ല. നവകേരള സദസ് കഴിഞ്ഞതിനുശേഷം നാലു കർഷകർ ആത്മഹത്യ ചെയ്തു. റബർ കർഷകരെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നാണെന്നും കർഷക രക്ഷയ്ക്കായി സർക്കാർ ചെറുവിരൽ പോലും അനക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ലോംഗ് മാർച്ചിന്റെ ജാഥാ ക്യാപ്റ്റനും കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ മോൻസ് ജോസഫ്, വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, വക്കച്ചൻ മറ്റത്തിൽ, ജോസഫ് എം. പുതുശേരി, അപു ജോൺ ജോസഫ്, കൊട്ടാരക്കാര പൊന്നച്ചൻ, ഡി.കെ. ജോൺ, രാജൻ കർണാട്ട്, എം.വി. ജോസഫ്, വി.ജെ. ലാലി, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ്, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.