
കോട്ടയം: മതിയായ യോഗ്യതയില്ലാത്തവരെ ഫാർമസിസ്റ്റാക്കിയതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടപടി നേരിട്ടത് 2677 മെഡിക്കൽ സ്റ്റോറുകൾ. 2018 ജനുവരി ഒന്ന് മുതൽ കഴിഞ്ഞമാസം വരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങളിൽ മരുന്ന് എടുത്തുകൊടുക്കാൻ നിൽക്കുന്നവർ ഫാർമസി കോഴ്സുകൾ പഠിച്ചവരല്ലെന്ന് കണ്ടെത്തിയത്. മരുന്ന് മാറി നൽകിയെന്ന ആക്ഷേപം ഉയർന്നതോടെയാണ് വ്യാപക പരിശോധന നടത്തുന്നത്.
ഏറ്റവുമധികം മെഡിക്കൽ സ്റ്റോറുകൾ നടപടി നേരിട്ടത് എറണാകുളത്താണ്. കുറവ് കാസർകോട്ടെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
നിയമം പേരിന് മാത്രം
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾ പ്രകാരം ബി.ഫാം,ഡി.ഫാം യോഗ്യതയുള്ളവരുടെ പേരിലാണ് ലൈസൻസ് ലഭിക്കുന്നത് . 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്ഥാപനമെങ്കിൽ മൂന്ന് രജിസ്ട്രേഡ് ഫാർമസിസ്റ്റുകളും മുഴുവൻസമയം പ്രവർത്തിക്കുന്നില്ലെങ്കിൽ ഒരു ഫാർമസിസ്റ്റും നിർബന്ധം. അംഗീകൃത ഫാർമസിസ്റ്റിന്റെ പേരിൽ ലൈസൻസെടുത്ത് സ്ഥാപനം തുടങ്ങുകയാണ് പതിവ്. മിനിമം 110 സ്ക്വയർഫീറ്റ് കെട്ടിടം വേണം.
നടപടി നേരിട്ട ഫാർമസികൾ
(ജില്ല തിരിച്ച്)
തിരുവനന്തപുരം:160
കൊല്ലം: 518
 പത്തനംതിട്ട : 244
ആലപ്പുഴ : 156
കോട്ടയം : 111
ഇടുക്കി : 68
എറണാകുളം : 592
തൃശൂർ : 91
പാലക്കാട് : 101
കോഴിക്കോട് : 343
വയനാട് : 112
മലപ്പുറം : 97
കണ്ണൂർ : 58
കാസർകോട് : 26