
മുണ്ടക്കയം : സംരക്ഷണ പദ്ധതികൾ കടലാസിൽ ഒതുങ്ങിയതോടെ മണിമലയാർ നിറയെ മാലിന്യം. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ മലിനജലം ഓട വഴി ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. കടും നിറത്തിൽ ഒഴുകിവരുന്ന മലിനജലം ആറ്റിലേക്ക് കലരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ബൈപാസ് നിർമ്മാണ സമയം മുതൽ ടൗണിൽ നിന്ന് എത്തുന്ന ഓടയുടെ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ചയിലുണ്ട്. എന്നാൽ ഇവയെല്ലാം ജലരേഖയായി. വലിയ കുഴലിലൂടെ എത്തുന്ന വെള്ളം സംസ്‌കരിച്ച് വീണ്ടും ഉപയോഗപ്പെടുത്താനായിരുന്നു ആലോചന. വലിയ കുഴി എടുത്ത് വെള്ളം അതിലേക്കാനും പദ്ധതിയുണ്ടായിരുന്നു. ജലമലിനീകരണം രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടർന്ന് പൈപ്പിൽ നിന്ന് വെള്ളം വന്നു വീഴുന്ന കോസ്‌വേയ്ക്ക് സമീപമുള്ള സ്ഥലത്ത് ആറ്റിലെ മണ്ണ് നീക്കി കുഴിയെടുക്കുകയാണ്. തടയണ തുറന്നതോടെ മണിമലയാറ്റിൽ ജലനിരപ്പ് പൂർണമായും താഴ്ന്നിരിക്കുകയാണ്.