പാലാ: അധികാരികളുടെ അനാസ്ഥ തുടരുമ്പോൾ റിവർ വ്യൂ റോഡ് നിർമാണം ഒച്ചിഴയുംപോലെ.
മീനച്ചിലാറിന്റെ തീരത്തു കൂടി ജനറലാശുപത്രി ജംഗ്ഷൻ മുതൽ കൊട്ടാരമറ്റം വരെ നിരവധി തൂണുകളിൽ പാലമായി തീർക്കുന്ന റോഡിന്റെ നിർമാണ പ്രവൃത്തികളാണ് വൈകുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണോദ്ഘാടനം നടക്കുകയും പിന്നീട് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പണി ആരംഭിക്കുകയും ചെയ്തതാണ് പദ്ധതി. മീനച്ചിലാറിന്റെ തീരത്ത് ഒരുകിലോമീറ്റർ ദൂരമുള്ള വലിയ പാലമാണ് തീർക്കുന്നത്. പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായെങ്കിലും കൊട്ടാരമറ്റത്തും ജനറലാശുപത്രി ജംഗ്ഷനു സമീപത്തും അനുബന്ധ റോഡുകൾ പണിയുന്നതിന് ഇനിയും പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. നിലവിലുള്ള റിവർവ്യൂ റോഡ് കൊട്ടാരമറ്റത്തേയ്ക്ക് നീട്ടുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി.

പാലാ വലിയപാലത്തിന് സമീപം തൂണുകളിൽ തീർക്കുന്ന പാലത്തിന്റെ അവസാനഘട്ട നിർമാണപ്രവൃത്തികൾ അനിശ്ചതാവസ്ഥയിലാണ്. ഇവിടെ സ്വകാര്യവ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം റവന്യൂ ഭൂമിയെന്ന് കണക്കാക്കി നിർമാണം നടത്തിയപ്പോൾ സ്ഥലമുടമ എതിർപ്പുമായെത്തിയിരുന്നു. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിവരും വിധമാണ് നിർമാണം നടത്തിയത്. നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാതെയാണ് നിർമാണം നടത്തിയത്.

സ്ഥലം ഏറ്റെടുപ്പിൽ പാളിച്ച

സ്ഥലം ഏറ്റെടുത്തപ്പോൾ റവന്യൂ വകുപ്പ് അധികൃതർക്കുണ്ടായ പാളിച്ചയാണ് കുഴപ്പങ്ങൾക്കിടയാക്കിയത്. ഇത് നിർമ്മാണം മുടങ്ങാനും കാരണമായി. കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്ററോളം നീളത്തിൽ അനുബന്ധറോഡ് പണിതീർക്കണം. തൂണുകളിൽ പാലമായി പണിതീർത്ത ഭാഗത്തും നിർമ്മാണജോലികൾ ഇനിയും നടക്കാനുണ്ട്. പാലാ-ഏറ്റുമാനൂർ റോഡിന് സമാന്തരമായാണ് റിവർവ്യൂ റോഡ്.

മീനച്ചിലാറിന്റെ തീരത്തുകൂടി തൂണുകൾ: 150ലേറെ

 റോഡിന് വീതി: 12 മീറ്റർ

നടപ്പാത: രണ്ട് മീറ്റർ വീതി

പദ്ധതി യാഥാർത്ഥ്യമായാൽ

റിവർ വ്യൂ റോഡ് പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതത്തിരക്ക് പൂർണമായും നിയന്ത്രിക്കാനാകും. നഗരത്തിനുള്ളിൽ പ്രവേശിക്കാതെ തന്നെ വാഹനങ്ങൾക്ക് ളാലം ജംഗ്ഷനിൽ നിന്ന് കൊട്ടാരമറ്റത്തെത്താം.


ഫോട്ടോ അടിക്കുറിപ്പ്

റിവർവ്യൂ റോഡ് ദീർഘിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മീനച്ചിലാറിന്റെ തീരത്തുകൂടി പാലത്തിൽ പണിതീർത്ത റോഡ്