വൈക്കം: തടസങ്ങൾ നീങ്ങിയതോടെ വൈക്കംവെച്ചൂർ റോഡിലെ അഞ്ചുമന പാലത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ പഴയപാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണം മാസങ്ങൾക്ക് മുമ്പേ പൂർത്തിയായെങ്കിലും അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ചില കക്ഷികളുടെ ഭാഗത്തു നിന്നുമുണ്ടായ എതിർപ്പിനെ തുടർന്നാണ് തുടർനിർമ്മാണത്തിന് തടസം നേരിട്ടത്. തുടർന്ന് സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കിഫ്ബി എൽ.എ തഹസിൽദാർ, അപ്രോച്ച് റോഡിനുള്ള 1.62 ആർ വസ്തു മൂന്ന് ഉടമകളിൽ നിന്നും ഏറ്റെടുത്ത് റോഡ് നിർമാണം നടത്തുന്ന കേരള റോഡ് ഫണ്ട് ബോർഡ് എക്‌സി. എഞ്ചിനീയർക്ക് കൈമാറി. പാലത്തിന്റെ പഴയ നിർമ്മാണ കരാറിന്റെ റേറ്റ് റിവിഷൻ സംബന്ധിച്ച് കിഫ്ബിയിൽ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് കരാറുകാരൻ നിർമാണം പുനരാരംഭിച്ചത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വീതി കൂട്ടി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വൈക്കംവെച്ചൂർ റോഡ് വികസനത്തിന്റെ ഒന്നാംഘട്ട പദ്ധതിയിൽപെടുത്തിയാണ് അഞ്ചുമന പാലത്തിന്റെ പുനർനിർമാണം. തടസം നീങ്ങിയതോടെ, ബാക്കിയുള്ള ജോലികൾ വേഗം പൂർത്തീകരിച്ച് പാലം ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു.


കടന്നുപോകാൻ വലിയ പ്രയാസം


1956ൽ നിർമ്മിച്ച പഴയ അഞ്ചുമന പാലത്തിലൂടെ ഒരേസമയം വലിയവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. വീതികുറഞ്ഞ പാലത്തിന്റെ അടിഭാഗത്ത് കാലപ്പഴക്കത്താൽ വലിയ വിള്ളലുകൾ രൂപപ്പെട്ടു. വാഹനങ്ങൾ ഇടിച്ച് കൈവരികൾ കൂടി തകർന്ന് പാലം കൂടുതൽ അപകടാവസ്ഥയിലാകുകയായിരുന്നു.