vembanat-kayal

റഗുലേറ്ററി അധികാരമുള്ള വികസന അതോറിട്ടി വേണമെന്ന് നിർദ്ദേശം

കോട്ടയം:ജല സംഭരണ ശേഷി 85 ശതമാനം കുറഞ്ഞ വേമ്പനാട്ടുകായലിൽ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ കായലിന്റെ മരണം ആസന്നമാണെന്ന് ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് മുന്നറിയിപ്പു നൽകി.

കയ്യേറ്റവും മലിനീകരണവും മൂലം മരണക്കിടക്കയിലായ വേമ്പനാട്ടുകായലിന്റെ ദയനീയാവസ്ഥ ലോക ശ്രദ്ധയിൽ കൊണ്ടുവന്ന് പുതുജീവൻ നൽകുന്നതിന് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) നടന്ന ഇന്റർനാഷണൽ ഫിഷറീസ് കോൺഗ്രസിന്റേതാണ് മുന്നറിയിപ്പ്.

ഒഡിഷയിലെ ചിലിക്ക കായൽ വികസന അതോറിട്ടിയുടെ മാതൃകയിൽ വേമ്പനാട്ട് കായൽ വികസന അതോറിട്ടി രൂപീകരിക്കണമെന്ന് ഫിഷറീസ് കോൺഗ്രസ് ആവശ്യപ്പെട്ടു. അതോറിട്ടിക്ക് റഗുലേറ്ററി അധികാരങ്ങൾ .ഉണ്ടായിരിക്കണം. ഫിഷറീസ് കോൺഗ്രസ് നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷനും സമർപ്പിക്കും.കായലിലെ മത്സ്യ സമ്പത്തിനെക്കുറിച്ച് കൃത്യമായ വിവരശേഖരണം നടത്തണം.

150 ഇനം മത്സ്യങ്ങൾ ഇല്ലാതായി

40 വർഷത്തിനുള്ളിൽ 150 മത്സ്യഇനങ്ങളിൽ 60ലേറെ ഇനങ്ങൾ ഇല്ലാതായി. ബാക്കിയുള്ളവയിൽ പലതും ഇല്ലാതായേക്കാവുന്ന ഗുരുതര സ്ഥിതി മനസിലാക്കി മത്സ്യസമ്പത്ത് സംരക്ഷിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. മലിനീകരണം മൂലം മത്സ്യസമ്പത്തിലും കക്കാശേഖരണത്തിലും വൻകുറവുണ്ടായി. സൂക്ഷ്മ ജീവജാലങ്ങളും സസ്യജാലങ്ങളും നശിച്ചു. കായൽ കയ്യേറ്റം അതിഭീകരമാണ്

കായൽ കുറയുന്നു

വേമ്പനാട്ടുകായലിന്റെ ജലസംഭരണ ശേഷി 120 വർഷം കൊണ്ട് 85.3 ശതമാനം കുറവായെന്ന് പഠനം.

158.7 ചതുരശ്ര കിലോമീറ്റർ കായൽ 120 വർഷത്തിനുള്ളിൽ നികത്തപ്പെട്ടു. 43.5 ശതമാനം കായൽ ഇല്ലാതായി. 1900ൽ 365 ചതുരശ്ര കിലോമീറ്ററായിരുന്ന കായൽ വിസ്തൃതി 2020 ആയപ്പോഴേക്കും 206.30 ചരുരശ്ര കിലോമീറ്ററായി കുറഞ്ഞു.

ഖര രാസ മാലിന്യങ്ങൾ അടിഞ്ഞു കൂടി കായലിന്റെ ആഴവും വലിയോ തോതിൽ കുറഞ്ഞു. കായലിന്റെ അടിത്തട്ടിൽ 3005 ടൺ പ്ലാസ്റ്റിക് മാലിന്യം.