kozi

ഏഴാച്ചേരി: ഏഴാച്ചേരിപള്ളിക്ക് സമീപം കർഷകനായ പള്ളിയാരടിയിൽ സജിയുടെ ഫാമിലെ 625 കോഴിക്കുഞ്ഞുങ്ങളെ മരപ്പട്ടി കടിച്ചുകൊന്നു. ഒരു ദിവസം മാത്രം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ് മരപ്പട്ടിയുടെ ക്രൂരതയ്ക്കിരയായത്. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ഫാമിലുണ്ടായിരുന്നു.


ഞായറാഴ്ച ഉച്ചയോടെയാണ് മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ ഫാമിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ 5.30 ഓടെ സജി ഫാമിലെത്തിയപ്പോഴാണ് മരപ്പട്ടി കോഴിക്കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുന്നത് കണ്ടത്. സജി എത്തി ബഹളം വച്ചപ്പോഃ മരപ്പട്ടി ഓടിപ്പോയി. ഫാമിന് സൈഡിലെ നെറ്റ് കടിച്ചുമുറിച്ചാണ് മരപ്പട്ടി ഉള്ളിൽ കയറിയതെന്ന് കരുതുന്നു.

കഴിഞ്ഞ നാല് വർഷമായി സജി കോഴിക്കുഞ്ഞുങ്ങളുടെ ഫാം നടത്തുന്നുണ്ട്. ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിലെ കൈക്കാരൻകൂടിയായ സജി മികച്ച കർഷകനുമാണ്. കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ മരപ്പട്ടി കൊലപ്പെടുത്തിയ വിവരം പഞ്ചായത്ത് അധികാരികളെയും മൃഗസംരക്ഷണ വകുപ്പ് അധികാരികളെയും അറിയിച്ചെങ്കിലും കാര്യമായൊന്നും ചെയ്യാൻ പറ്റുന്ന സാഹചര്യമില്ലെന്നായിരുന്നു മറുപടി. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു.

അരലക്ഷം രൂപയുടെ നഷ്ടം

കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ അരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഫോട്ടോ അടിക്കുറിപ്പ്

സജി പള്ളിയാരടിയുടെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളെ മരപ്പട്ടി കടിച്ചുകൊന്ന നിലയിൽ