പയപ്പാർ: മനോജ് മാറി; ആശ ''കണ്ണനായി'', ആഗ്രഹം സഫലമായി. പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ കൃഷ്ണകുചേലസംഗമം ഭക്തിനിർഭരമായി.
പയപ്പാർ ക്ഷേത്രോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി നടത്തിയ കൃഷ്ണകുചേലസംഗമത്തിൽ കൃഷ്ണന്റെ വേഷം അണിയാൻ നിശ്ചയിച്ചിരുന്നത് പയപ്പാർ ആപ്പിൾവില്ലയിൽ മനോജും കുചേലനായി ചെറുകര വടക്കേൽ സി.ഡി. നാരായണനുമായിരുന്നു. രാധയായി മനോജിന്റെ ഭാര്യയും നർത്തകിയുമായ ആശ, കുന്തീപത്‌നിയായി കടയം സ്‌കൂളിലെ അദ്ധ്യാപിക ശ്രീന എന്നിവരെയുമാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ ഒന്നുരണ്ട് റിഹേഴ്‌സലുകൾ കഴിഞ്ഞപ്പോൾ കൃഷ്ണവേഷം അണിയുന്നതിൽ നിന്നും മനോജ് പിൻമാറി. അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമോയെന്ന സംശയവും ഒപ്പം മറ്റൊരു നാടകത്തിൽ അഭിനയിക്കേണ്ട സാഹചര്യത്തിലുമാണ് മനോജ് പിൻമാറിയത്. ഇതോടെ കൃഷ്ണവേഷം ആര് അണിയുമെന്ന ചോദ്യമുയർന്നതോടെ പണ്ടേയുള്ള ആഗ്രഹമാണ് ''കൃഷ്ണവേഷം'' എന്നുപറഞ്ഞ് ആശ മുന്നോട്ട് വരികയായിരുന്നു. അങ്ങനെ ''രാധ'' കണ്ണനായി. നർത്തകിയായ പൂവരണി അപർണ്ണാ ബാബു രാധയുടെ വേഷവും ചെയ്തു.
കന്നി അഭിനയമായിരുന്നെങ്കിലും കൃഷ്ണനായി ആശയും കുചേലനായി സി.ഡി. നാരായണനും തകർത്തഭിനയിച്ചു. ഇവരോടൊപ്പം അപർണ്ണാ ബാബു, അനൂപ രവി, ശ്രീനാ ബിനു, രണ്ടുമൂന്ന് കുട്ടികൾ എന്നിവരും കൃഷ്ണകുചേലസംഗമത്തിൽ പങ്കാളികളായി.
തിരുവാതിരകളി ആശാട്ടിയും നർത്തകിയുമാണ് ആശ. പയപ്പാർ കലാക്ഷേത്രയെ നയിക്കുന്ന സി.ഡി.നാരായണൻ നാരായണീയ കഥാമൃതത്തിലൂടെയും ഓട്ടൻതുള്ളലിലൂടെയും ശ്രദ്ധേയനാണ്. മനോജും മക്കളായ കൃഷ്ണയും അഭിജിത്തും ആശയ്ക്കും, ഭാര്യ രാജമ്മയും അദ്ധ്യാപികയായ മകൾ കലയും ഓട്ടൻതുള്ളൽ കലാകാരിയായ ശ്രീജയയും (ദുബായ്) സി.ഡി.നാരായണനും എല്ലാവിധ പിന്തുണയുമേകി. കൃഷ്ണകുചേലസംഗമം ഭക്തിനിർഭരമാക്കിയ കലാസംഘത്തെ പയപ്പാർ ക്ഷേത്രോപദേശക സമിതി അഭിനന്ദിച്ചു. പ്രസിഡന്റ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.