ttt

കോട്ടയം: പക്ഷിപ്പനിയെ തുടർന്ന് മൃഗസംരക്ഷണവകുപ്പ് കൊന്നൊടുക്കിയ കോഴി, താറാവുകൾക്കുള്ള നഷ്ടപരിഹാരം ഒരുവർഷം പിന്നിട്ടിട്ടും കർഷകർക്ക് വിതരണം ചെയ്തില്ല. ഏഴുദിവസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. 55 ലക്ഷം രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്.
തുക വൈകുന്നത് വായ്പയെടുത്ത കർഷകരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കേണ്ടവരിൽ പലരും വലിയതുക വായ്പയെടുത്താണ് താറാവുകളെ വളർത്തിയത്. ബാങ്ക് വായ്പയുടെ പലിശ പോലും അടയ്ക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. നഷ്ടപരിഹാരത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകേണ്ടത്.
കഴിഞ്ഞതവണ കൊന്നൊടുക്കി മൂന്ന് ആഴ്ചകൾക്കുള്ളിൽ സംസ്ഥാന സർക്കാർ മൃഗസംരക്ഷണവകുപ്പിന് നൽകിയ വിവിധ ഫണ്ടുകളെടുത്ത് നഷ്ടപരിഹാരം നൽകിയിരുന്നു. ഇത്തവണ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ വേണ്ടത്ര ഫണ്ട് വകുപ്പിന് അനുവദിച്ചിട്ടില്ല. നഷ്ടപരിഹാരമായി നാമമാത്ര തുകയാണ് ലഭിക്കുന്നതെന്ന ആക്ഷേപവും കർഷകർക്കുണ്ട്.

പുതുക്കാത്ത നഷ്ടപരിഹാരം
രണ്ട് മാസം പ്രായമുള്ള കോഴിക്കും താറാവിനും 200 രൂപയും, രണ്ട് മാസത്തിൽ താഴെയുള്ളവയ്ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം. 2014ലെ തീറ്റഇറച്ചി വില അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിർണയിച്ചത്.

എന്നാൽ തീറ്റക്കും പ്രതിരോധ വാക്‌സിനും ഉൾപ്പെടെ ഒരു താറാവിന് 250 രൂപയോളം ചെലവാകാറുണ്ട്. മൂന്നര മാസമാകുമ്പോൾ ഒരു താറാവ് 350 രൂപ മുതൽ 370 രൂപ എന്ന നിരക്കിലാണ് വിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർ നൽകുന്നത് 200 രൂപ മാത്രം നൽകുന്നത്.

 ബാധിച്ചത് പഞ്ചായത്തുകൾ: 7

ആർപ്പൂക്കര, നീണ്ടൂർ, പനച്ചിക്കാട്, തലയാഴം, വെച്ചൂർ, കല്ലറ, ചെമ്പ്

കൊന്നൊടുക്കിയ പക്ഷികൾ: 26,051

ലഭിക്കേണ്ട തുക 55 ലക്ഷം

കണക്കെടുപ്പ് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതാണ്. ഫണ്ടിന്റെ അപര്യാപ്തതയാണ് തടസം''

ഡോ. മനോജ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസ