
വൈക്കം: പള്ളിപ്രത്തുശ്ശേരി പഴുതുവള്ളിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായ തിരിപിടുത്തത്തിൽ നൂറ് കണക്കിന് ഭക്തർ തിരിതെളിയിച്ച് ഭഗവതിക്ക് സമർപ്പിച്ചു. പഴുതുവള്ളിൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് ദേവിക്ക് ദീപാർപ്പണം നടത്തുന്നത്. വ്രതശുദ്ധിയോടെ എത്തിയ ഭക്തർ തിരിയിൽ ദീപം തെളിയിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ദീപാർപ്പണം നടത്തി. ശിവഗിരിമഠം ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ ഭക്തരുടെ തിരികളിലേക്ക് ദീപം പകർന്നു. തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി ചെമ്മനത്തുകര ഷിബു, വിഷ്ണു ശാന്തി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികരായിരുന്നു. ചടങ്ങിന് മുൻപായി വിശേഷാൽ അഭിഷേകം, തിരുവാഭരണം ചാർത്തൽ, മഹാഅന്നദാനം, കാഴ്ചശ്രീബലി എന്നിവ നടന്നു. തിരിപിടുത്ത ചടങ്ങിന് ശേഷം വലിയകാണിക്ക, വിളക്കിനെഴുന്നളളിപ്പ്, ഗരുഡൻതൂക്കം, ഭഗവതിക്ക് കളമെഴുത്തും പാട്ടും എന്നിവയും നടന്നു. ചൊവ്വാഴ്ച ഉച്ചക്ക് വടക്കുപുറത്ത് വലിയ ഗുരുതിയും അന്നദാനവും നടത്തി. ക്ഷേത്രം പ്രസിഡന്റ് സത്യൻ രാഘവൻ, സെക്രട്ടറി വി.ആർ അഖിൽ, വൈസ് പ്രസിഡന്റ് മനോജ് പൂത്തേത്ത്, യൂണിയൻ കമ്മിറ്റി അംഗം ദീപാ മൂത്തേടത്ത്, വനിതാസംഘം പ്രസിഡന്റ് സജിനി പ്രസന്നൻ, സെക്രട്ടറി രമാ രമണൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ശരത് ശശി, സെക്രട്ടറി അമൃത് തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.