meee

ചങ്ങനാശേരി: ഒറ്റ ക്ലിക്കിൽ സേവനങ്ങൾ വിരൽതുമ്പിൽ. ചങ്ങനാശേരി നഗരസഭയും കാലത്തിനൊപ്പം മാറിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം ഒറ്റ ആപ് മുഖേന ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ സേവനങ്ങൾ എല്ലാം ഓൺലൈനാക്കിയത്. കെ.സ്മാർട്ടിന്റെ ഭാഗമായാണ് ഡിജിറ്റൽ സംവിധാനമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ ബീനാ ജോബി നിർവഹിച്ചു. ഉപാദ്ധ്യക്ഷൻ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.സ്മാർട്ട് സംവിധാനത്തെപ്പറ്റിയും മൊബൈൽ ആപ്പിനെക്കുറിച്ചും ഉദ്യോഗസ്ഥർക്കും മറ്റും നേരത്തെ പരിശീലനം നൽകിയിരുന്നു.

കെ.സ്മാർട്ട് ആപ്പ്
ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച കെ.സ്മാർട് ആപ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമാകും. അപേക്ഷാ ഫീസുകൾ, നികുതി, മറ്റ് ഫീസുകൾ എന്നിവ ഓൺലൈനായി അടയ്ക്കാൻ ഇ പേയ്‌മെന്റ് സംവിധാനവുമുണ്ട്. സർട്ടിഫിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സേവനങ്ങളും 35 മൊഡ്യൂളായി തിരിച്ച് ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ലഭ്യമാകും.

സേവനങ്ങൾ ഇങ്ങനെ
ആദ്യഘട്ടത്തിൽ ജനന,മരണ, വിവാഹ രജിസ്‌ട്രേഷൻ, വാണിജ്യ ലൈസൻസുകൾ, വസ്തു നികുതി, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുന്നത്. വിവാഹം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് വീഡിയോ കോൾ വഴിയും വിശദാംശങ്ങൾ സ്വീകരിക്കും.