teakwood

പാലാ: ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അയ്യപ്പക്ഷേത്രത്തിൽ കൊടിമരമാകാനുള്ള നിയോഗം പാലായിലെ തേക്കുമരത്തിന്. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ അയ്യപ്പക്ഷേത്രത്തിലേക്കുള്ള കൊടിമരം പാലാ വിളക്കുമാടത്ത് നിന്നാണെത്തിക്കുന്നത്. ഈട്ടിക്കൽ രാജന്റെ പുരയിടത്തിൽ നിന്ന് മുറിച്ച മരം ഇപ്പോൾ വൈക്കം കുടവെച്ചൂർ ചേരക്കുളങ്ങര കാർത്യായനി ദേവീക്ഷേത്രസന്നിധിയിൽ തൈലാധിവാസത്തിൽ എണ്ണത്തോണിയിലാണ്.

ഫെബ്രുവരി ആദ്യം കപ്പലിൽ കെനിയയിലേക്ക് കൊണ്ടുപോകും. വിദേശത്തേക്ക് ആദ്യമായാണ് കേരളത്തിൽ നിന്ന് കൊടിമരം കൊണ്ടുപോകുന്നത്. തേക്കുമരത്തെ വണങ്ങാൻ കുടവെച്ചൂരിലെ ക്ഷേത്രത്തിലേക്ക് ദിവസവും ഭക്തരെത്തുന്നുണ്ട്.

നെയ്‌റോബിയിലെ ശ്രീഅയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രത്തിൽ ദിവസം മൂന്നുനേരം പൂജയുണ്ട്. കൈമുക്ക് ജാതവേദൻ നമ്പൂതിരിയാണ് തന്ത്രി. കഴിഞ്ഞമാസം ജ്യോതിഷി പത്മനാഭശർമ്മയുടെ ശിഷ്യൻ കൃഷ്ണപ്രസാദ് ഭട്ടിന്റെ നേതൃത്വത്തിൽ കെനിയയിലെ ക്ഷേത്രസന്നിധിയിൽ ദേവപ്രശ്‌നം നടന്നിരുന്നു. ഇതനുസരിച്ചാണ് കൊടിമരം സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കിയത്.

 അയ്യപ്പപ്രതിഷ്ഠ 23 വർഷം മുമ്പ്

23 വർഷം മുമ്പാണ് നെയ്‌റോബിയിൽ അയ്യപ്പപ്രതിഷ്ഠ നടത്തിയത്. നാനൂറോളം മലയാളി കുടുംബങ്ങളുടെ ആശ്രയകേന്ദ്രമാണ് നെയ്‌റോബിയിലെ അയ്യപ്പസ്വാമി. കൊടിമരം സ്ഥാപിച്ചാലുടൻ കൊടിയേറ്റിയുള്ള ഉത്സവം നടത്തുമെന്ന് നെയ്‌റോബി ശ്രീഅയ്യപ്പസേവാ സമാജം സെക്രട്ടറി പ്രവീൺകുമാർനായർ കേരളകൗമുദിയോട് പറഞ്ഞു. ചങ്ങനാശേരി സ്വദേശി രാജേന്ദ്രപ്രസാദാണ് സമാജം ചെയർമാൻ.