
പാലാ: മീനച്ചിലാറ്റിലെ ഭരണങ്ങാനം കൂറ്റനാൽ കടവിൽ നിന്ന് വൻതോതിൽ നടത്തുന്ന അനധികൃത മണൽ വാരലിനെപ്പറ്റി അറിഞ്ഞിട്ടില്ലെന്ന മീനച്ചിൽ തഹസീൽദാറിന്റെ വാദത്തിന്റെ മുനയൊടിച്ച് മീനച്ചിൽ നദീ സംരക്ഷണ സമിതി പ്രവർത്തകർ. ഇനിയും പരാതി കിട്ടിയിട്ടില്ലെന്ന് പറയരുത് സാർ എന്ന മുഖവുരയോടെ ഇന്നലെ നദീ സംരക്ഷണ പ്രവർത്തകരും മീനച്ചിലാർ കാവൽഘടകം പ്രവർത്തകരും മീനച്ചിൽ തഹസീൽദാർക്കും കോട്ടയം ജില്ലാ കളക്ടർക്കും പാലാ ആർ.ഡി.ഒ.യ്ക്കും പൂവരണി വില്ലേജ് ഓഫീസർക്കും പരാതി നൽകി.
ജനുവരി 11ന് മീനച്ചിലാറ്റിലെ കൂറ്റനാൽ കടവിൽ നിന്നും വൻതോതിൽ മണൽ കടത്തുന്ന വിവരം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരറിവും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കാത്തതിനാൽ അന്വേഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു മീനച്ചിൽ തഹസീൽദാർ ജോസുകുട്ടിയുടെ മറുപടി.
ഇതേ സമയം അനധികൃത മണൽവാരൽ നടക്കുന്ന സ്ഥലത്തുകൂടിയാണ് പതിവായി മീനച്ചിൽ തഹസീൽദാർ ഓഫീസിലേക്ക് വരുന്നതെന്ന് നദീസംരക്ഷണ സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടിയിരുന്നു.
വൻതോതിൽ മണൽകടത്ത് തുടർന്നതോടെയാണ് ഇന്നലെ മീനച്ചിൽ നദീസംരക്ഷണ സമിതി ഭാരവാഹികൾ രേഖാമൂലം റവന്യു അധികാരികൾക്ക് വീണ്ടും പരാതി നൽകിയത്.
രാത്രിയുടെ മറവിൽ ലോഡ് കണക്കിന് മണലാണ് കൂറ്റനാൽ കടവിൽ നിന്നും ചാക്കുകളിൽ നിറച്ച് കയറ്റിപ്പോകുന്നത്. ഇത് സംബന്ധിച്ച് ചിത്രങ്ങളുൾപ്പെടെയാണ് ആദ്യം പരിസ്ഥിതി പ്രവർത്തകർ റവന്യു അധികാരികൾക്ക് പരാതി നൽകിയിരുന്നത്. എന്നിട്ടും അധികാരികളുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ കാവൽമാടം പ്രവർത്തകർ രാത്രി കടവിൽ കാവലിരുന്നാണ് അനധികൃത മണൽകടത്ത് തടഞ്ഞിരുന്നത്.