
കോട്ടയം: ഇൻഷുറൻസ് പ്രീമിയം തുകയിലെ ഭീമമായ വർദ്ധനയിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ ചെറുകിട ക്ഷീരകർഷകർ. ഒരു ലക്ഷം രൂപ വിലയുള്ള പശുവിന് മുമ്പ് 970 രൂപയായിരുന്നു നൽകേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ ആറായിരം രൂപ കൈയിൽ നിന്ന് മുടക്കേണ്ട ഗതികേടിലാണ് കർഷകർ. പശുവളർത്തൽ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചതും ക്ഷീരമേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
കർഷകരിൽ നിന്ന് ചെറിയ വിഹിതം ഈടാക്കി ബാക്കി തുക ക്ഷീരവികസനവകുപ്പും ത്രിതല തദ്ദേശസ്ഥാപനങ്ങളും നിൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പദ്ധതി നിലച്ചതോടെ മുഴുവൻ പ്രീമിയവും കർഷകർ കൈയിൽ നിന്ന് മുടക്കണം. 970 രൂപയുടെ സ്ഥാനത്ത് പ്രീമിയം തുക 6000 രൂപ. ഒരുമിച്ച് ഇത്രയും തുക എങ്ങനെ സംഘടിപ്പിക്കുമെന്ന് കർഷകർ ഒരേസ്വരത്തിൽ ചോദിക്കുന്നു.
പ്രതിദിനം 20 ലീറ്റർ പാൽ ലഭിക്കുന്ന ഒരു പശുവിന് 80,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് വില. മുൻപ് പശുക്കളെ വാങ്ങാൻ ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ശതമാനം സബ്‌സിഡിയും 50 ശതമാനം ബാങ്ക് വായ്പയും ലഭിച്ചിരുന്നു. എന്നാൽ അത് നിലച്ചു. സഹകരണസംഘങ്ങൾക്ക് പാൽ കൊടുക്കുന്ന കർഷകന് ലഭിക്കുന്നത് ലീറ്ററിന് 38- 43 രൂപയാണ്. ഉത്പാദന ചെലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് കുറവാണെന്ന് കർഷകർ പറയുന്നു. ഒരു ലീറ്റർ പാലിന് 45 മുതൽ 55 രൂപ വരെ ചെലവാകുമ്പോഴാണ് പാൽവിലയിലെ കുറവ്.
കാലിത്തീറ്റവില അതികഠിനം
50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1600 രൂപയാണ് വില. കഴിഞ്ഞ സാമ്പത്തിക വർഷം 500 രൂപയാണ് വർദ്ധിച്ചത്. ഒരു മാസം 1500 ചാക്ക് വിറ്റിരുന്ന കച്ചവടക്കാർ ഇപ്പോൾ 600 ചാക്ക് പോലും വിൽക്കുന്നില്ല. വൈക്കോലിന്റെ വിലയും ഉയർന്നു. പശുക്കൾക്കുള്ള കാത്സ്യം സബ്‌സിഡി നിരക്കിൽ ഒരു കിലോയ്ക്ക് 35 രൂപ ഉണ്ടായിരുന്നത് 90 രൂപയായി വർദ്ധിപ്പിച്ചു.
കൃഷിയിൽ നിന്ന് പലായനം
പാലിന്റെ വിലക്കുറവ്
കാലിത്തീറ്റ വിലവർദ്ധനവ്
ഇൻഷുറൻസ് തുകയുടെ വർദ്ധനവ്
കാലാവസ്ഥാ വ്യതിയാനം പാലുകുറച്ചു
ലിറ്ററിന് 70 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ. പാലിനും താങ്ങുവില പ്രഖ്യാപിച്ചാൽ ജനങ്ങൾക്ക് ഭാരമാവില്ല.
ജോർജ് തോമസ്, ക്ഷീരകർഷകൻ