taxi

പാലാ: ടൗൺ ബസ് സ്റ്റാൻഡിനോട് ചേർന്ന ടാക്‌സി സ്റ്റാൻഡിലെ ബോർഡുകളോട് ആർക്കാണ് വിരോധം...? ഇവിടെ കാർ ടാക്‌സി സ്റ്റാൻഡ് എന്ന ബോർഡ് പലവട്ടം സ്ഥാപിച്ചു. മിക്കതും വണ്ടിയിടിച്ചും അല്ലാതെയുമൊക്കെ സ്ഥിരമായി നശിപ്പിക്കുകയാണെന്നാണ് ടാക്‌സി ഡ്രൈവർമാരുടെ പരാതി. വലിയ വാഹനങ്ങൾ അനധികൃതമായി സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് ടാക്‌സി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

വലിയ വാഹനങ്ങൾ ഇങ്ങനെ അശ്രദ്ധമായി ഓടിച്ചുകയറ്റുന്നതോടെ ബോർഡുകൾ ഇടിച്ചുവളയ്ക്കുകയാണ്. ബോർഡുകൾ സ്ഥാപിച്ച കമ്പികൾ പലപ്പോഴും വാഹനങ്ങൾ ഇടിച്ച് വളയുകയാണ്. ബോർഡുകൾ നശിപ്പിക്കുന്നത് മനപ്പൂർവ്വമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പാലാ ടൗൺ ബസ് സ്റ്റാൻഡിന് സമീപം മെയിൻ റോഡിൽ നിന്നുള്ള വലിയ വാഹനങ്ങൾ ഉപറോഡിലൂടെ പോകുന്നത് നഗരസഭാ അധികൃതർ കർശനമായി തടഞ്ഞിട്ടുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ളവ ദിവസേന പലവട്ടം ഇതുവഴി കടന്നുവരുന്നതായും ഇതിനോടു ചേർന്ന ടാക്‌സി സ്റ്റാൻഡിന്റെ ബോർഡുകൾ നശിപ്പിക്കുന്നതായും ടാക്‌സി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.

പല വ്യാപാര സ്ഥാപനങ്ങളുടെയും സ്‌പോൺസർഷിപ്പ് സ്വീകരിച്ചുകൊണ്ടാണ് നഗരസഭയുടെ നേതൃത്വത്തിൽ ടാക്‌സി സ്റ്റാൻഡിന് ചുറ്റും കാർ ടാക്‌സി സ്റ്റാൻഡ് എന്ന ബോർഡ് സ്ഥാപിച്ചിട്ടുളളത്. എന്നാൽ വലിയ വാഹനങ്ങൾ കയറ്റി ചിലർ മനപ്പൂർവ്വംതന്നെ ഈ ബോർഡുകൾ നശിപ്പിക്കുന്നുവെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇത് ടാക്‌സി തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും ഡ്രൈവർമാർ കുറ്റപ്പെടുത്തുന്നു.

ബോർഡ് നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

കാർ ടാക്‌സി സ്റ്റാൻഡിലെ ബോർഡുകൾ തുടർച്ചയായി നശിപ്പിക്കുന്ന സംഭവം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ടാക്‌സി തൊഴിലാളി യൂണിയൻ കൺവീനർ സജീവ് മുരിക്കുംപുഴ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലാ പൊലീസിലും നഗരസഭാ അധികാരികൾക്കും ഇന്ന് നിവേദനം നൽകുമെന്നും സജീവ് പറഞ്ഞു.