
മുണ്ടക്കയം: എക്സൈസ് വകുപ്പിന്റെ മുണ്ടക്കയം ഒാഫീസ് ശോചനീയാവസ്ഥയിൽ. 2000ത്തിൽ ആണ് എക്സൈസ് വകുപ്പിന് മുണ്ടക്കയത്ത് പുതിയ കെട്ടിടം നിർമ്മിച്ചത്. കോൺക്രീറ്റ് കെട്ടിടമെങ്കിലും കാലങ്ങൾ പിന്നിട്ടതോടെ ഇപ്പോൾ ഇതു ചോർന്നൊലിക്കുകയാണ്. മേൽക്കൂരയുടെ ഒട്ടുമിക്ക സ്ഥലങ്ങളിലും വലിയ വിള്ളലുകൾ രൂപപ്പെട്ടു. മഴ പെയ്യുമ്പോൾ ഓഫീസ് മുറിക്കുള്ളിലേക്ക് വലിയ ജലപ്രവാഹമാണ്. ഭിത്തികളിലൂടെ വെള്ളം ഒലിച്ചിറങ്ങി കെട്ടിടം പൂർണമായും ബലക്ഷയത്തിലായി. ഇൻസ്പെക്ടർ മുറി, ഓഫീസ്, വിശ്രമമുറി, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, ഭക്ഷണ മുറി, ലോക്കപ്പ് എന്നിവയടങ്ങുന്ന കെട്ടിടം ശോചനീയാവസ്ഥയിലാണെങ്കിലും പുതുക്കിപ്പണിയുവാനോ അറ്റകുറ്റപ്പണി നടത്തുവാനോ അധികൃതർ തയാറാകുന്നില്ല. കംപ്യൂട്ടർ സൂക്ഷിക്കുന്ന മുറി സുരക്ഷിതമല്ലാത്തതിനാൽ പലപ്പോഴും കംപ്യൂട്ടറുകൾക്ക് തകരാറും സംഭവിക്കുന്നുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണിക്കുള്ള പണം ജീവനക്കാരുടെ പോക്കറ്റിൽനിന്ന് കണ്ടെത്തണം. മുണ്ടക്കയത്തെ എക്സൈസ് വകുപ്പിന് ഉണ്ടായിരുന്ന വാഹനം കട്ടപ്പുറത്തായിട്ട് രണ്ടുവർഷം പിന്നിട്ടു. പരിശോധനകൾക്കു പോകണമെങ്കിൽ സ്വന്തം വാഹനമോ ടാക്‌സി വാഹനങ്ങളോ ഉപയോഗിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. എന്നാൽ, ഇതിനുള്ള പണവും സ്വന്തം പോക്കറ്റിൽനിന്നു കണ്ടെത്തണം. അഞ്ചു പഞ്ചായത്തുകളിലായി 67 വാർഡുകൾ ഉൾപ്പെടുന്നതാണ് പ്രവർത്തന പരിധി. 28 കള്ളുഷാപ്പ്, രണ്ട് ബിവറേജ് ഔട്ട്ലെറ്റ്, മൂന്നു ബാർ, മൂന്നു ബിയർ ആൻഡ് വൈൻഷോപ്പ് എന്നിവ പ്രവർത്തനപരിധിയിലുണ്ട്. എന്നാൽ, ഇവിടെയെല്ലാം ഓടിയെത്താൻ ഉദ്യോഗസ്ഥരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇതുമാത്രമല്ല ഇൻസ്പെക്ടർ സ്ഥലംമാറിപ്പോയിട്ടു വർഷം ഒന്നായിട്ടും ഇതുവരെയായി പകരം ആളെത്തിയിട്ടില്ല. 13 സിവിൽ എക്സൈസ് ഓഫീസർമാരാണ് ഇവിടെ വേണ്ടത്. ഇതിൽ മൂന്നുപേർ പരിശീലനത്തിനും മൂന്നുപേർ സ്പെഷൽ ഡ്യൂട്ടിയിലുമാണ്. വനിതാ ഓഫീസർമാരിൽ രണ്ടുപേർ സ്പെഷൽ ഡ്യൂട്ടിയിലാണ്. ആകെയുള്ള ഡ്രൈവറും മറ്റു ഡ്യൂട്ടിയിലാണ്. അബ്കാരി കേസുകളിൽ എക്സൈസ് വകുപ്പ് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിനുപോലും മതിയായ സംവിധാനം ഇവിടെ ഇല്ല.