കോട്ടയം: ജില്ലയിലെ നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ ഇനിയും തീർപ്പുകൽപ്പിക്കാനുള്ളവ പരിഹരിക്കാൻ അടിയന്തര നടപടികളെടുത്തു മുന്നോട്ടുപോകാൻ സഹകരണ -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. .
കോട്ടയം ജില്ലയിൽ 42,656 നിവേദനങ്ങളാണ് ലഭിച്ചത്. ഒരു നിവേദനത്തിലുള്ള ഒന്നിലധികം പരാതികൾ അടക്കം വിഷയാടിസ്ഥാനത്തിൽ തിരിച്ചപ്പോൾ 43,308 അപേക്ഷകളായിട്ടുണ്ട്. 3024 നിവേദനങ്ങളിൽ തീർപ്പുകൽപ്പിച്ച് നവകേരള പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്..
പരാതികൾ പരിഹരിക്കാൻ ഓരോ വകുപ്പിനും ഓരോ നോഡൽ ഓഫീസറെ നിശ്ചയിച്ചിട്ടുണ്ട്. നോഡൽ ഓഫീസർ അപേക്ഷകളിലെ നടപടികളുടെ പുരോഗതി ദിവസവും വിലയിരുത്തി കളക്ടർക്കു റിപ്പോർട്ട് നൽകും.
അപേക്ഷകളിൽ പരിഹരിക്കാൻ കഴിയാത്തവ ഉണ്ടെങ്കിൽ എന്തുകൊണ്ട് അവ പരിഹരിക്കാനാവില്ല എന്ന് അപേക്ഷകനെ ബോധ്യപ്പെടുത്തുന്ന വ്യക്തമായ മറുപടി നൽകും. ജില്ലകളിൽ പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളും മന്ത്രിസഭാ തലത്തിൽ തീരുമാനമെടുക്കേണ്ട അപേക്ഷകളും വകുപ്പുമേധാവിക്കും അതിന്റെ മുകളിലേക്കും കൈമാറും.
ഒന്നിലേറെ വകുപ്പുകൾ ഇടപെട്ടു തീർപ്പുണ്ടാക്കേണ്ട വിഷയങ്ങൾ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു കോഡിനേഷൻ ഉറപ്പാക്കി മുന്നോട്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു. രണ്ടാഴ്ച കൂടുമ്പോൾ ഈ വിഷയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ഗവ. സെക്രട്ടറിയും അവലോകനം ചെയ്യും. ഇങ്ങനെ നവകേരളസദസുമായി ബന്ധപ്പെട്ടു കിട്ടിയ മുഴുവൻ അപേക്ഷകളോടും പ്രതികരിക്കുന്ന രൂപത്തിലാണ് സംസ്ഥാന സർക്കാർ നടപടിയെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ താലൂക്ക്തലത്തിൽ അദാലത്തുകൾ നടത്തി അപേക്ഷകളിൽ തീർപ്പുണ്ടാക്കണമെന്ന് ജില്ലയിലെ അപേക്ഷകൾ തീർപ്പാക്കുന്നതിൽ മേൽനോട്ടം വഹിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി പറഞ്ഞു..
കളക്ടർ വി. വിഗ്‌നേശ്വരി, പോലീസ് മേധാവി കെ. കാർത്തിക്, എഡിഎം ജി. നിർമൽകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.