
കോട്ടയം: റേഷൻ കാർഡുടമകൾക്കും വഴിപോക്കർക്കും 10 രൂപ നിരക്കിൽ ഗുണനിലവാരമുള്ള ഒരു ലിറ്റർ കുപ്പിവെള്ളമെന്ന സർക്കാർ പ്രഖ്യാപനം കടലാസിൽ മാത്രം. റേഷൻ വ്യാപാരികൾ പദ്ധതിയോട് മുഖംതിരിച്ചത് സർക്കാരിന് തിരിച്ചടിയായി. സ്ഥലപരിമിതിയിൽ റേഷനരി സ്റ്റോക്ക് ചെയ്യാൻ ബുദ്ധിമുട്ടന്നതിനിടയിൽ വെള്ളം സ്റ്റോക്ക് ചെയ്യാൻ കഴിയില്ലെന്ന നിലപാടിലായിരുന്ന പല ഉടമകളും. നേരിട്ട് വെയിലേറ്റാൽ ഗുണനിലവാരത്തെ ബാധിക്കും. പരിശോധനയിൽ കട ഉടമ കുടുങ്ങുമെന്ന പ്രചാരണവും കമ്മീഷൻ കുറവും പറഞ്ഞ് കട ഉടമകൾ മുഖംതിരിച്ചത് പദ്ധതി പാളാൻ കാരണമായി.
തിലോത്തമൻ ഭക്ഷ്യ മന്ത്രിയായിരിക്കെയാണ് പദ്ധതി ആവിഷ്കരിച്ചത്. അന്ന് സപ്ലൈകോ വഴി കുപ്പിവെള്ളം റേഷൻ കടകളിൽ 10 രൂപയ്ക്ക് എത്തിക്കാനും 11 രൂപയ്ക്ക് വിപണനം നടത്താനുമാണ് തീരുമാനിച്ചിരുന്നത്. കമ്മിഷൻ കുറഞ്ഞു പോയി എന്ന വ്യാപാരികളുടെ പരാതിയിൽ തട്ടി പദ്ധതി അന്നു നടന്നില്ല. അന്നത്തെക്കാൾ മെച്ചപ്പെട്ട വ്യവസ്ഥയിൽ രണ്ടു രൂപ കമ്മിഷനോടെ എട്ടു രൂപയ്ക്ക് റേഷൻ വ്യാപാരികൾക്ക് നൽകാനായിരുന്നു തീരുമാനം. എന്നിട്ടും പദ്ധതി ഫലം കണ്ടില്ല.
കച്ചവടം നടന്നില്ല, പ്രതീക്ഷ മങ്ങി
ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി കൊടുക്കാൻ തീരുമാനിച്ചത്. ശബരിമല സീസൺ കണക്കിലെടുത്ത് ആദ്യ ഘട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പാതിവിലയുള്ള സർക്കാർ വെള്ളത്തിന് മണ്ഡല മകരവിളക്ക് കാലത്ത് നല്ല ഡിമാൻഡ് പ്രതീക്ഷിച്ചെങ്കിലും കച്ചവടം നടന്നില്ല.
വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. പദ്ധതി പൊളിക്കാൻ ഉദ്യാഗസ്ഥരും കടഉടമകളും കുടിവെള്ള ലോബിയുമായി ചേർന്നുകളിച്ചുവെന്ന സംശയവുമുണ്ട്.
എബി ഐപ്പ് (ജില്ലാ ഭക്ഷ്യോപദേശകസമിതി വിജിലൻസ് കമ്മിറ്റി അംഗം)