പാലാ: ജില്ലാ അക്വാട്ടിക് അസോസിയേഷൻ മുൻകാല നീന്തൽ താരങ്ങളുടെയും തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 18ാമത് അനു മെമ്മോറിയൽ നീന്തൽ മത്സരം ശനിയാഴ്ച പാലാ തോപ്പൻസ് സ്വിമ്മിംഗ് അക്കാദമിയിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുൻ ദേശീയ നീന്തൽ തരം അനുവിന്റെ ഓർമ്മയ്ക്കായി നടത്തി വരുന്ന ഈ മത്സരത്തിൽ, ദേശീയ മെഡൽ ജേതാക്കൾ ഉൾപ്പെടെ ഇരുന്നൂറിലധികം നീന്തൽ പ്രതിഭകൾ മാറ്റുരക്കുന്നു.
മുൻ അന്തർദേശീയ വോളിബോൾ താരവും, പാലാ എം.എൽ.എ യുമായ മാണി സി.കാപ്പൻ മത്സരം ഉദ്ഘാടനം ചെയും. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവൻ, പഞ്ചായത്ത് മെമ്പർ രാജൻ മുണ്ടമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റൂബി ജോസ് തുടങ്ങിയവർ പ്രസംഗിക്കും. പുതിയ തലമുറയിലെ നീന്തൽ താരം കെവിൻ ജിനുവിനെയും, പരിശീലക സൗമി സിറിയക് തോപ്പിലിനെയും ആദരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ സി.ഐ. കെ.പി. ടോംസൺ സമ്മാനദാനം നിർവഹിക്കുമെന്ന് പത്രസമ്മേളനത്തിൽ ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബിനു പുളിക്കക്കണ്ടം, സെക്രട്ടറി ജേക്കബ് ടി.ജെ, ശ്രീകുമാർ കളരിക്കൽ, മാത്യൂ ജോസഫ് എന്നിവർ പറഞ്ഞു.