
കോട്ടയം: നാട്ടകം ട്രാവൻകൂർ സിമെന്റ്‌സ് ലിമിറ്റഡിന്റെ കാക്കനാട് സ്ഥലം വിൽക്കുന്നത് സംബന്ധിച്ച പ്രചാരണങ്ങളിൽ വിശദീകരണവുമായി സിമെന്റ്‌സ് ചെയർമാൻ ബാബു ജോസഫ്. 1985 ലാണ് ഈ സ്ഥലം കമ്പനി വാങ്ങിയത്. കമ്പനി പൊതുമേഖലയിലേക്ക് മാറുന്നത് 1989 ലാണ്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് 2015 ലാണ് സ്ഥലം വിൽക്കാൻ തീരുമാനമെടുത്തത്. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. 2020 ൽ ഈ സ്ഥലം കിൻഫ്ര അടക്കമുള്ള പൊതുമേഖല സ്ഥാപനത്തിന് വിൽക്കാൻ തീരുമാനിച്ചു. 25 കോടി രൂപയ്ക്ക് കിൻഫ്ര സ്ഥലം ഏറ്റെടുക്കാം എന്ന് അറിയിച്ചെങ്കിലും പിന്മാറി. തുടർന്നാണ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥലം ഓപ്പൺ ടെൻഡറിന് വെച്ച് കൂടുതൽ വിലയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്. ഇതിനിടെ 36 ജീവനക്കാർ ആനുകൂല്യം ലഭിക്കാതതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് സ്ഥലം ജപ്തി ചെയ്യുന്നതിന് അനുകൂല ഉത്തരവും നേടി. ശേഷം കമ്പനി സ്ഥലം വിറ്റു കിട്ടുന്ന തുക വിനിയോഗിക്കുന്നത് ഇനം തിരിച്ച് വിശദമായി സർക്കാരിന് കത്ത് നൽകി. തുടർന്നു കമ്പനിയുടെ കാക്കനാട്ട് സ്ഥലവും വൈക്കം ചെമ്പിലുള്ള സ്ഥലവും പൊതുലേലം വഴി വിൽക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുമാണ് നടപടികൾ പാലിച്ച് ഗ്ലോബൽ ടെൻഡറിലൂടെ സ്ഥലം വില്പന നടത്തുന്നതിന് സർക്കാർ അനുമതിയെന്നും അദ്ദേഹം പറഞ്ഞു.