fever

കോട്ടയം : രാത്രിയിലും പുലർച്ചെയും തണുപ്പ്,​ പകൽ ചുട്ടുപൊള്ളുന്ന ചൂട്. കാലാവസ്ഥ മാറ്റത്തിൽ ജില്ലയിൽ പനിബാധിതരും ഏറുകയാണ്.

ചെറുചൂടോടെയാണ് തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും തലവേദനയും മാറാൻ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂട്ടിയാൽ ഇനിയും ഉയരും. കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗവിദഗ്ദ്ധർ പറയുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമടക്കം മരുന്ന് ക്ഷാമവുമുണ്ട്. പലതും പുറേത്തക്ക് കുറിച്ച് നൽകുന്ന സാഹചര്യമാണുള്ളത്.

പിടിമുറുക്കി ചിക്കൻപോക്‌സും

ചൂട് കൂടിയതോടെ ചിക്കൻ പോക്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്‌സ് പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ,ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ വേദനയോടുകൂടിയ ചുവന്ന പാടുകളും ചൊറിച്ചിലോടുകൂടിയ തിണർപ്പുകളുമായി മാറും. കഴിഞ്ഞ ഒരാഴ്ച ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 10 ആണ്. കഴിഞ്ഞ ഒരുവർഷം ഒരു മരണവും റിപ്പോർട്ട് ചെയ്തു. പനി ബാധിച്ചാൽ പൂർണ വിശ്രമമാണ് ആവശ്യം. ചൂടുവെള്ള ധാരാളം കുടിക്കണം. കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ ചികിത്സ തേടണം.

ലക്ഷണങ്ങൾ അവഗണിക്കരുത്

പനി, തലവേദന, കണ്ണിന് പിന്നിൽ വേദന, ശക്തമായ പേശി വേദന, സന്ധി വേദന, ശരീരത്തിൽ ചുവന്നു തടിച്ച പാടുകൾ, തുടർച്ചയായ ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ട്, രക്തസമ്മർദം കുറയുക, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം ചികിത്സ തേടണം.

പനി കണക്ക്
ഇന്നലെ : 396
കഴിഞ്ഞ ഒരാഴ്ച : 1304
കഴിഞ്ഞ ഒരു മാസം : 6215

''എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. സ്വയം ചികിത്സയ്ക്ക് മുതിരാതെ അടിയന്തര വൈദ്യസഹായം തേടണം. അല്ലെങ്കിൽ രോഗം ഗുരുതരമാകാൻ ഇടയാക്കും.
ആരോഗ്യവകുപ്പ് അധികൃതർ