mg

കോട്ടയം : എം.ജി സർവകലാശാലയിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സിലബസ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട കരട് സിലബസിന്റെ സൂക്ഷ്മപരിശോധനയ്ക്ക് 31 ന് തുടക്കമാകും. നിലവിലുള്ള 56 ബിരുദ പ്രോഗ്രാമുകളുടെ സിലബസുകൾ വിശദമായി പരിശോധിക്കുന്നതിന് 48 സ്‌ക്രൂട്ടിണി കമ്മിറ്റികളാണുള്ളത്. ഓരോ പേപ്പറിന്റെയും ഉള്ളടക്കം, നൈപുണ്യ വികസന സാദ്ധ്യത, പഠന വിലയിരുത്തൽ രീതി എന്നിവയാണ് പരിശോധനാ പരിധിയിൽ. വിഷയങ്ങളുടെ സ്വഭാവമനുസരിച്ചാകും പഠനത്തിന്റെ അന്തിമ വിലയിരുത്തൽ. ചില വിഷയങ്ങൾക്ക് പ്രായോഗിക പരീക്ഷ മാത്രമാകും. മറ്റു ചിലതിന് പരീക്ഷ ഒഴിവാക്കിയുള്ള വിലയിരുത്തലും. ഒരേ സമയം പത്തു പ്രോഗ്രാമുകളുടെ കരട് സിലബസുകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഫെബ്രുവരി 10 ഓടെ ഈ നടപടികൾ പൂർത്തിയാകും. ഇതിനു ശേഷം അന്തിമ സിലബസിന് അക്കാഡമിക് കൗൺസിൽ യോഗം ചേർന്ന് അംഗീകാരം നൽകുമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.