ada

കോട്ടയം : കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ 1040 പേർക്ക് ഭൂമി തരംമാറ്റി നൽകി ഉത്തരവുകൾ കൈമാറി. ഭൂമി തരംമാറ്റാനായായി അപേക്ഷ നൽകിയവർക്കായി കോട്ടയം മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിലും കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിലുമാണ് അദാലത്ത് സംഘടിപ്പിച്ചത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി നൽകിയ ഫോറം ആറ് ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ 25 സെന്റിൽ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവ് നൽകിയത്. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകൾക്കായുള്ള അദാലത്താണ് കോട്ടയത്ത് നടന്നത്. അദാലത്തിൽ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവുകൾ കൈമാറി. 500 പേർക്കാണ് ലഭിച്ചത്. മീനച്ചിൽ, വൈക്കം താലൂക്കുകൾക്കായുള്ള അദാലത്താണ് കടുത്തുരുത്തിയിൽ നടന്നത്. 540 പേർക്ക് ഉത്തരവുകൾക്ക് കൈമാറി.

സുനിതയ്ക്ക് ഇനി ബാദ്ധ്യതകൾ തീർക്കാം

പാമ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളൂർ വടക്കേക്കര വീട്ടിൽ സുനിത ചെറിയാൻ ഹോട്ടൽ നടത്തി മിച്ചംപിടിച്ച പണത്തിൽ നിന്നാണ് 2013 ൽ 10 സെന്റ് നിലം വാങ്ങിയത്. ഭർത്താവിന്റെ മരണശേഷം ഹോട്ടൽ നിറുത്തേണ്ടിവന്നു. മകളുടെ വിവാഹ ചെലവുകളും ബാദ്ധ്യതകളും നേരിടാൻ സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് ഭൂമി തരം മാറ്റിയാൽ മാത്രമേ വില്പന നടത്താൻ സാധിക്കൂവെന്ന പ്രതിസന്ധിയുണ്ടായത്. തുടർന്ന് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി അദാലത്തിലേക്ക് ഓൺലൈൻ അപേക്ഷ നൽകി. ഒടുവിൽ തരമാറ്റാനായുള്ള ഉത്തരവുമായി സുനിത മടങ്ങിയത് ബാദ്ധ്യതകൾ തീർക്കാനാകുമെന്ന പ്രതീക്ഷയോടെയാണ്.

ഭൂമി തരംമാറ്റിയ ഉത്തരവുമായി സുനിത ചെറിയാൻ.